കുഞ്ഞ് മരിച്ചെന്ന് പെറ്റമ്മ; ആത്മഹത്യാ ഭീഷണി മുഴക്കി പോറ്റമ്മ‌: ശിശുക്ഷേമ സമിതിയുടെ ഇടപെടൽ

കാസർകോട്: കുമ്പളയിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കാണാൻ ആരോഗ്യപ്രവർത്തകർ എത്തിയപ്പോൾ അമ്മ നൽകിയ മറുപടി കുഞ്ഞ് മരിച്ചുവെന്ന്. സംശയം തോന്നി ആരോഗ്യ പ്രവർത്തകർ പൊലീസിൽ അറിയിക്കുകയും പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടിയെ മറ്റൊരു വീട്ടിൽനിന്നു കണ്ടെത്തുകയും ചെയ്തു.

കുഞ്ഞിനെ അന്വേഷിച്ചെത്തിയ ആരോഗ്യ പ്രവർത്തകരോടു പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതോടെയാണു സംശയം തോന്നിയത്. ഒരാളോടു പണം വാങ്ങിയെന്നും അവർക്ക് കുഞ്ഞിനെ കൊടുത്തുവെന്നും ആദ്യം പറഞ്ഞെങ്കിലും പിന്നീട് തിരുത്തി. തുടർന്ന് പഞ്ചായത്ത്, സാമൂഹികാരോഗ്യം കേന്ദ്രം അധികൃതർ പൊലീസിലും ശിശുക്ഷേമ സമിതിയിലും അറിയിച്ചു. പൊലീസ് എത്തി കുട്ടിയുടെ മാതാവുമായി കുട്ടിയെ ഏൽപിച്ച വീട്ടിൽ എത്തുകയായിരുന്നു. കുട്ടികളില്ലാതിരുന്ന അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീയ്ക്കാണ് ആൺകുട്ടിയെ കൈമാറിയത്. നാല് മാസമായി ഇവർ കുട്ടിയെ പരിപാലിച്ചുവരികയായിരുന്നു. 

ശിശു ക്ഷേമ സമിതിയും പൊലീസും എത്തിയപ്പോൾ ഇവർ കുട്ടിയെ കൈമാറാൻ തയാറായില്ല. കുട്ടിയെ ചേർത്തുപിടിച്ച് നിലവിളിച്ച ഇവർ ആത്മഹത്യാ ഭീഷണിയും മുഴക്കി. അതേസമയം, കുട്ടിയുടെ യഥാർഥ അമ്മ കുട്ടിയെ സ്വീകരിക്കാൻ തയാറായതുമില്ല. ഇതോടെ പൊലീസ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. കുട്ടികളില്ലാതിരുന്നു സ്ത്രീയും ഭർത്താവും നിയമപരമായി കുട്ടിയെ ദത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചമല്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് അപേക്ഷ തള്ളുകയായിരുന്നുവെന്ന് ശിശുക്ഷേമ സമിതി അധികൃതർ പറഞ്ഞു. വീട്ടുജോലി ചെയ്യുന്ന ഇവരുടെ ഭർത്താവ് കൂലിപ്പണിക്കാരനാണ്.

Share
error: Content is protected !!