സ്വർണവില തിരിച്ചുകയറുന്നു; കേരളത്തിൽ വീണ്ടും 89,000ന് മുകളിൽ
സ്വർണവില വൻ ഇടിവിന് വിരാമംകുറിച്ച് വീണ്ടും കയറ്റംതുടങ്ങി. കേരളത്തിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 8,760 രൂപയുടെ ഇടിവ് നേരിട്ട പവൻവില ഇന്ന് 560 രൂപ കയറി 89,160 രൂപയിലെത്തി. 70 രൂപ ഉയർന്ന് 11,145 രൂപയാണ് ഗ്രാമിന്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ്, ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ പലിശനയം പ്രഖ്യാപിക്കാനിരിക്കേയാണ് സ്വർണത്തിന്റെ തിരിച്ചുകയറ്റം.
ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് 0.25% കുറയ്ക്കുമെന്നാണ് കരുതുന്നത്. പലിശ കുറഞ്ഞാൽ യുഎസിലെ ബാങ്ക് നിക്ഷേപം, യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുമ്പോൾ കിട്ടുന്ന ആദായനിരക്ക് (ട്രഷറി യീൽഡ്) എന്നിവ അനാകർഷകമാവുകയും നിക്ഷേപം കൊഴിയുകയും ചെയ്യും. ഇത് ഡോളറിനും തിരിച്ചടിയാകും. ഈ പ്രതീക്ഷയുടെ കരുത്തിൽ രാജ്യാന്തര സ്വർണവില തിരിച്ചുകയറ്റം തുടങ്ങിയതാണ് കേരളത്തിലും വില കൂടാനിടയാക്കിയത്. ഡോളർ തളരുമ്പോൾ സ്വർണത്തിന് ഡിമാൻഡ് കൂടും. ഇത് വില കൂടാനും വഴിവയ്ക്കും.
രാജ്യാന്തര സ്വർണവില ഔൺസിന് 3,931 ഡോളറിൽ നിന്ന് 3,958 ഡോളറിലേക്ക് കയറി. ഇതോടെ കേരളത്തിലും വില വർധിപ്പിക്കാൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ വർധിച്ച് 9,210 രൂപയിലെത്തി. വെള്ളി വിലയും ഗ്രാമിന് 2 രൂപ കൂടി 160 രൂപയായി. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 9,170 രൂപയേയുള്ളൂ. വെള്ളിവില ഇവർ മാറ്റമില്ലാതെ 155 രൂപയിൽ നിലനിർത്തുകയും ചെയ്തു. 7,140 രൂപയാണ് 14 കാരറ്റ് സ്വർണം ഗ്രാമിന് വില; 9 കാരറ്റിന് 4,620 രൂപ.


