ഇവയാണ് SIR-നുള്ള 12 രേഖകൾ; 51 കോടി വോട്ടർമാർ, 5.33 ലക്ഷം BLO, 7 ലക്ഷം BLA-മാർ; മൂന്ന് തവണ വീട്ടിലെത്തും

ന്യൂഡൽഹി: രാജ്യവ്യാപക എസ്ഐആർ നടപ്പാക്കാനുള്ള നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്‌ രണ്ടാം ഘട്ടത്തിൽ എസ്ഐആർ നടപ്പിലാക്കുന്നത്. ആദ്യഘട്ടം ബിഹാറിൽ നടപ്പിലാക്കിയിരുന്നു. അപ്പീലുകളൊന്നും തന്നെ ഇല്ലാതെ വിജയകരമായി ബിഹാറിൽ എസ്ഐആർ പൂർത്തീകരിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞത്.  ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കേരളം, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ലക്ഷദ്വീപ്, പുതുച്ചേരി, ആന്തമാൻ നിക്കോബാര്‍ എന്നിവിടങ്ങളിലായിരിക്കും രണ്ടാം ഘട്ടത്തിൽ എസ്ഐആർ നടപ്പിലാക്കുക.

.


.

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എസ്ഐആർ നടപടികൾ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ന് അർധരാത്രിയോടെ വോട്ടർപട്ടിക മരവിപ്പിക്കും. എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക 2026- ഫെബ്രുവരി ഏഴിനായിരിക്കും പ്രസിദ്ധീകരിക്കുക.
.


.

ആധാര്‍ ജനനരേഖയായോ പൗരത്വരേഖയായോ പരിഗണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

51 കോടി വോട്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള എസ്ആർഐ നടപടികളാണ് രാജ്യത്ത് നടക്കുക. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 5.33 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ), 7 ലക്ഷത്തിലധികം വരുന്ന ബൂത്ത് ലെവൽ ഏജന്റുമാർ (ബിഎൽഎ) എസ്ഐആർ പ്രക്രിയയിൽ ഭാഗഭാക്കാകും. നവംബർ നാലുമുതൽ ഡിസംബർ നാലുവരെ ആയിരിക്കും ഇതുമായി ബന്ധപ്പെട്ട നടപടിക്രമം നടക്കുക.
.
ബിഎൽഒമാർ ഓരോ വീടുകളിലും മൂന്നു തവണ സന്ദർശിക്കും. ഇതുമായി ബന്ധപ്പെട്ട പരിശീലനവും അച്ചടി രേഖകളും ഉടൻ തയ്യാറാക്കും. ഡിസംബർ എട്ടിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2026- ജനുവരി എട്ടുവരെ പരാതി സ്വീകരിക്കും. തുടർന്ന് ജനുവരി 31ന് പരാതിയുമായി ബന്ധപ്പെട്ട വിശദീകരണം കേൾക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
.


.

തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന രേഖകൾ

    • കേന്ദ്രസർക്കാരിലെയോ സംസ്ഥാന സർക്കാരിലെയോ പൊതുമേഖലാ സ്ഥാപനങ്ങളിലെയോ സ്ഥിരം ജീവനക്കാർക്കോ അല്ലെങ്കിൽ പെൻഷൻകാർക്കോ അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ പെൻഷൻ പേയ്മെന്റ് ഓർഡർ.
    • 1.07.1987-ന് മുൻപ് സർക്കാരോ പ്രാദേശിക അധികൃതരോ ബാങ്കുകളോ പോസ്റ്റ് ഓഫീസോ എൽഐസിയോ പൊതുമേഖലാ സ്ഥാപനങ്ങളോ അനുവദിച്ചിട്ടുള്ള ഐഡി കാർഡ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രേഖ.
    • ബന്ധപ്പെട്ട അധികാരികൾ നൽകിയ ജനന സർട്ടിഫിക്കറ്റ്.
    • പാസ്പോർട്ട്.
    • അംഗീകൃത ബോർഡുകൾ, സർവകലാശാലകൾ നൽകുന്ന മെട്രിക്കുലേഷൻ/ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
    • ബന്ധപ്പെട്ട സംസ്ഥാന അധികാരികൾ നൽകുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്
    • വനാവകാശ സർട്ടിഫിക്കറ്റ്.
    • ഒബിസി/എസ്‌സി/എസ്ടി അല്ലെങ്കിൽ യോഗ്യതയുള്ള അതോറിറ്റി നൽകുന്ന ഏതെങ്കിലും ജാതി സർട്ടിഫിക്കറ്റ്
    • ദേശീയ പൗരത്വ രജിസ്റ്റർ ( നിലനിൽക്കുന്നിടത്തെല്ലാം)
    • സംസ്ഥാന/തദ്ദേശ അധികാരികൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ.
    • സർക്കാരിന്റെ ഭൂമി/വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ്.
    • ആധാർ തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്നതിന് 09-09-25-ന് പുറത്തിറക്കിയ 23/ 2025-ഇആർഎസ്/വോളിയം II -ലെ നിർദേശങ്ങൾ ബാധകമായിരിക്കും.

 

Share
error: Content is protected !!