അനുനയ നീക്കം പാളി, ക്യാബിനറ്റ് മുറിയിൽ കയറില്ല, അനുനയം തള്ളി സിപിഐ; മന്ത്രിസഭാ യോഗത്തിൽ‌ നിന്ന് വിട്ടുനിൽക്കും

ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും അനുനയ നീക്കം പാളിയതോടെയാണ് തീരുമാനം. സിപിഐയ്ക്ക് നാല് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, ചിഞ്ചുറാണി എന്നിവരാണ് സിപിഐ മന്ത്രിമാർ.

ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുക്കാൽ മണിക്കൂറോളം ആണ് ബിനോയ് വിശ്വവും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. ഇതിനുശേഷമാണ് സിപിഐ മന്ത്രിമാരായ കെ. രാജൻ, ജി.ആർ.അനിൽ, പി.പ്രസാദ് എന്നിവർ മുഖ്യമന്ത്രിയെ കണ്ടത്. ഇതിനു ശേഷം ഗെസ്റ്റ് ഹൗസിലെ ബിനോയ് വിശ്വത്തിന്റെ മുറിയിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി.
.
ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുൻപ് ബിനോയ് വിശ്വം പറഞ്ഞിരുന്നു. വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാർട്ടി നിലപാടിൽ വെള്ളം ചേർക്കരുതെന്നുമാണ് സിപിഐ എക്സിക്യൂട്ടീവിൽ ഉയര്‍ന്ന പൊതുവികാരം എന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന ശക്തമായ അഭിപ്രായവും എക്സിക്യൂട്ടിവിൽ ഉയർന്നു. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം ഒഴിവാക്കണമെന്ന വികാരവും ചിലർ പ്രകടിപ്പിച്ചു.

കൂടിക്കാഴ്ചകൾക്കു ശേഷം പുന്നപ്ര – വയലാർ വാർഷികത്തിനു പോകേണ്ട മുഖ്യമന്ത്രി ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ നിന്നും പുറത്തിറങ്ങി. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. വയലാറിലെ പരിപാടിയിൽ ബിനോയ് വിശ്വവും പങ്കെടുക്കുന്നുണ്ട്. അദ്ദേഹം വൈകാതെ പുറത്തേക്ക് ഇറങ്ങുമെന്നാണ് വിവരം.
.
ശനിയാഴ്ച മന്ത്രി വി.ശിവന്‍കുട്ടി തുടങ്ങിവച്ച അനുനയ ശ്രമങ്ങള്‍ ഇന്ന് ഗള്‍ഫ് പര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി തന്നെ നേരിട്ട് ഏറ്റെടുത്തിട്ടും സിപിഐ ഒരിഞ്ചും പിന്നോട്ട് പോകാന്‍ തയ്യാറായില്ല. ആലപ്പുഴയില്‍ രാവിലെ ചേര്‍ന്ന സിപിഐ നേതൃയോഗങ്ങള്‍ പിഎംശ്രീയില്‍ വിട്ടുവീഴ്ച വേണ്ടെന്നും മന്ത്രിമാരുടെ രാജി പോലും വേണ്ടിവന്നാല്‍ നല്‍കണം എന്ന ചര്‍ച്ചയും യോഗത്തിലുണ്ടായി. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുക്കാല്‍ മണിക്കൂറോളം ചര്‍ച്ചനടത്തിയെങ്കിലും അനുനയശ്രമങ്ങള്‍ ഫലിച്ചില്ല.

ധാരണാപത്രം ഒപ്പിട്ട സ്ഥിതിക്ക് അതില്‍ പിന്നാക്കം പോകാനാകില്ലെന്ന കാര്യം മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ അറിയിച്ചു. എന്നാല്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ബിനോയ് വിശ്വം മറുപടി നല്‍കി. ധാരണാപത്രം ഒപ്പിട്ടെങ്കിലും സ്‌കൂളുകളുടെ പട്ടിക കൈമാറുന്നതടക്കം തുടര്‍നടപടികള്‍ തത്കാലം മരവിപ്പിക്കാമെന്ന സമവായനിര്‍ദേശം ചര്‍ച്ചയിലുണ്ടായെങ്കിലും സിപിഐ അതിനോട് യോജിച്ചില്ലെന്നാണ് സൂചന

Share
error: Content is protected !!