പിഎം ശ്രീയിൽ സർക്കാർ പിന്നോട്ടില്ല; പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരിട്ട് സിപിഐയെ അറിയിക്കും, അനുനയ ചർച്ചകളുമായി മുഖ്യമന്ത്രി ആലപ്പുഴയിൽ

തിരുവനന്തപുരം: പിഎം ശ്രീയിൽ സർക്കാർ പിന്നോട്ടില്ല.സിപിഐയുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ചർച്ച നടത്തും. കരാര്‍ ഒപ്പിട്ടെങ്കിലും പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് സിപിഐയെ മുഖ്യമന്ത്രി തന്നെ നേരിട്ട് അറിയിക്കും. ഈ വിശദീകരണത്തിൽ തൃപ്തരായി നിലപാടിൽ നിന്ന് സിപിഐ പിന്മാറുമോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.

പിഎം ശ്രീ പദ്ധതി ചർച്ചചെയ്യാനുള്ള സിപിഎമ്മിന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. പദ്ധതിയെ ചൊല്ലി മുന്നണിയിൽ ഭിന്നത ശക്തമായ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ് ചേർന്നത്. ആലപ്പുഴയിൽ സിപിഐ എക്സിക്യുട്ടീവ് യോഗം നടക്കുന്നതിനിടെയാണ്അടിയന്തര സെക്രട്ടറിയേറ്റ് വിളിച്ചത്. പ്രശ്നപരിഹാരത്തിനാണ് യോഗം ചേരുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറിഎം.എ ബേബി പറഞ്ഞിരുന്നു. സിപിഐ കേന്ദ്ര നേതൃത്വം ഉന്നയിച്ച ആശങ്ക ബേബി യോഗത്തിൽ വിശദീകരിച്ചിരുന്നു.
.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയോടെ ആലപ്പുഴയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തും. തർക്കം രൂക്ഷമായ സാഹചര്യത്തിൽ, കടുത്ത നിലപാടിൽ നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും നേരിട്ടിറങ്ങാനാണ് സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം. നിലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരായ സജി ചെറിയാൻ, വി. എൻ. വാസവൻ എന്നിവരും ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.
.
അതിനിടെ, കൂടിയാലോചനകളില്ലാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട വിഷയത്തിൽ ചർച്ചക്കായി മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. ആശയപരമായും രാഷ്ട്രീയപരമായും ഏറ്റവും ഉചിതമായ തീരുമാനം കൈകൊള്ളും. സിപിഎമ്മും സിപിഐയും എൽഡിഎഫിന്റെ ഭാഗമാണ്. എൽഡിഎഫിൽ ചർച്ചയുടെ വാതിൽ എപ്പോഴും തുറന്നു കിടക്കുകയാണ്. എൽഡിഎഫിന് ആശയാടിത്തറയും രാഷ്ട്രീയാടിത്തറയുമുണ്ട്. പരസ്പരം ബന്ധങ്ങളും ചർച്ചകളുമുണ്ട്. സമവായ സാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് കമ്മിറ്റി കൂടാൻ പോവുകയാണെന്നായിരുന്നു മറുപടി.

Share
error: Content is protected !!