‘അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ, പങ്കെടുക്കരുത്’ – മഹാനടന്മാര്ക്ക് ആശമാരുടെ തുറന്ന കത്ത്
തിരുവനന്തപുരം: നവംബര്‍ ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ നടത്താനൊരുങ്ങുന്ന അതിദരിദ്ര വിമുക്ത പ്രഖ്യാപനം പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് ആശാവര്‍ക്കര്‍മാര്‍ നടന്മാര്ക്ക് കത്തെഴുതി. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്ഹാസന് എന്നിവര്‍ക്കാണ് കത്തെഴുതിയത്. അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം വലിയ നുണയും ഇടതുസര്‍ക്കാരിന്റെ കാപട്യവുമാണ്. ആ പരിപാടിയില്‍ പങ്കെടുക്കുക വഴി ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിനാല്പരിപാടിയില് നിന്ന് വിട്ടുനില്‍ക്കണമെന്നാണ് കത്തില്‍ ആവശ്യം.
.
233 രൂപ എന്ന തുച്ഛമായ തുകയാണ് തങ്ങളുടെ ദിവസവേതനം. ജോലിചെയ്യാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയെങ്കിലും ദിനേന ചെലവഴിക്കേണ്ടിവരുന്ന തങ്ങളുടെ കൈവശം അവശേഷിക്കുന്ന തുകകൊണ്ട് എങ്ങനെയാണ് കുടുംബം പുലര്‍ത്തുക? നിത്യച്ചെലവുകള്‍ക്കായിപോലും കടംവാങ്ങേണ്ടി വരുന്നു. കടഭാരമേറി ജീവിതംതന്നെ അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ് തങ്ങളില്‍ ഏറെപ്പേരും. പലര്‍ക്കും കിടപ്പാടമില്ല. ഭര്ത്താക്കന്മാരും മാതാപിതാക്കളും മാറാരോഗികളായവരുമുണ്ട്. ജീവിതദുരിതങ്ങള്‍ ശ്വാസംമുട്ടിക്കുന്ന വേളയിലാണ് ഞങ്ങള്‍ സെക്രട്ടേറിയറ്റ് നടയില്‍ രാപകല്‍ സമരവുമായി എത്തിയതെന്നും കത്തില്‍ പറയുന്നു.
.
പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാതെ സ്ത്രീകള്‍ തെരുവില്‍ കഴിയുക എന്നത് ഒരു ദിവസത്തേക്കുപോലും സാധ്യമല്ലെന്നിരിക്കേ, കഴിഞ്ഞ 260 ദിവസമായി ഞങ്ങള്‍ വിഷമിക്കുകയാണ്. കോരിച്ചൊഴിയുന്ന മഴയില്‍ ഒരു ടാര്‍പാളിന്‍ ഷീറ്റ് പോലും തലയ്ക്കുമുകളില്‍ പിടിക്കുന്നത് സര്‍ക്കാര്‍ വിലക്കി. ഏറ്റവുമൊടുവില്‍ ഞങ്ങളുടെ തുച്ഛവരുമാനത്തില്‍നിന്ന് ചില്ലിത്തുട്ടുകള്‍ ശേഖരിച്ച് വാങ്ങിച്ച ഉച്ചഭാഷിണിയും പോലീസ് പിടിച്ചെടുത്തു. പ്രതിഷേധിച്ച ഞങ്ങളുടെ പ്രവര്‍ത്തകയുടെ നേര്‍ക്ക് പോലീസ് ജീപ്പ് ഇരച്ചെത്തുന്നതുകണ്ട് കേരളം ഞെട്ടി എന്നും കത്ത് വിശദീകരിക്കുന്നു.
.
മൂന്നുനേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരകരോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് ഞങ്ങള്‍ ആശമാര്‍. 233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങള്‍, 26,125 ആശമാര്‍ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല. ഇത് ഞങ്ങള്‍ നെഞ്ചില്‍ കൈവച്ച് പറയുകയാണ്. ഞങ്ങളുടെ തുച്ഛവേതനം വര്‍ധിപ്പിക്കാതെ അതിദാരിദ്ര വിമുക്ത പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണ്. സര്‍ക്കാരിന്റെ കാപട്യവും. ആ വലിയ നുണയുടെ പ്രചാരകരാകാതെ പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കണം എന്നാണ് നടന്മാരോടുള്ള ആശമാരുടെ അഭ്യര്‍ഥന. ഒപ്പം സെക്രട്ടറിയേറ്റ് പടിക്കല്‍ വന്ന് തങ്ങളെ കാണണമെന്നും ആശമാര്‍ കത്തില്‍ ആവശ്യപ്പെടുന്നു.


