അടിമാലി മണ്ണിടിച്ചില്‍: ‘വലിയ ശബ്ദമുണ്ടായി, കരച്ചിലും കേൾക്കാമായിരുന്നു; ചേച്ചി മണ്ണിനടിയിൽ കിടക്കുമ്പോൾ ഓടാൻ തോന്നിയില്ല, പിന്നെ വഴിയടഞ്ഞു’ , ആശങ്കയൊഴിയാതെ പ്രദേശവാസികൾ

അടിമാലി: മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായ ബിജുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രദേശവാസികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊച്ചി –ധനുഷ്കോടി ദേശീയപാതയ്ക്കായി മണ്ണെടുത്ത അടിമാലി കൂമ്പൻപാറയിലാണ് മണ്ണിടിഞ്ഞ് നാട്ടുകാരനായ ബിജു മരിച്ചത്. പാതയ്ക്ക് മണ്ണെടുത്തതാണ് ദുരന്തത്തിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. മണ്ണ് ഇടിയുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഭക്ഷണം കഴിക്കാനായി അയൽപക്കത്തെ ബന്ധുവീട്ടിൽനിന്ന് ബിജുവും സന്ധ്യയും സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് മണ്ണിടിഞ്ഞത്.

6 മണിക്കൂറിനുശേഷമാണ് ബിജുവിന്റെ മൃതദേഹം പുറത്തെടുത്തത്. സന്ധ്യയെ പുറത്തെടുത്തത് 5 മണിക്കൂറിനുശേഷവും. സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയില്‍ വിദഗ്ദ ചികിത്സയ്‌ക്കെത്തിച്ചു. സന്ധ്യയുടെ കാലുകള്‍ക്ക് ഗുരുതര പരിക്കുണ്ട്. കാലിലെ രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇടത്തേ കാലിലേക്ക് രക്തയോട്ടം വളരെ കുറവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഇവർക്ക് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് വിവരം.

വലിയ ശബ്ദം കേട്ടെത്തിയപ്പോള്‍ തന്നെ മണ്ണ് മുഴുവന്‍ താഴേക്ക് വരികയായിരുന്നുവെന്ന് സംഭവം ആദ്യം കണ്ട നാട്ടുകാര്‍ പറഞ്ഞു. ഇവരെത്തുന്ന സമയത്ത് ബിജുവിന് നേരിയ അനക്കമുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും ഉടന്‍ തന്നെ ജെസിബിയെയും മറ്റ് രക്ഷാപ്രവര്‍ത്തകരെയും വിളിച്ചറിയിച്ചെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

മകൾ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിനിയാണ്. മകൻ ഒരു വർഷം മുൻപ് കാൻസർ ബാധിച്ചു മരിച്ചു.

ദേശീയപാതയ്ക്കായി മണ്ണെടുത്തപ്പോഴാണ് വിള്ളൽ ഉണ്ടായതെന്നു ബിജുവിന്റെ ബന്ധുവും അയൽവാസിയുമായ അ‍ഞ്ജു പറ‍ഞ്ഞു. ‘‘ജനങ്ങളോട് മാറി താമസിക്കാൻ പറഞ്ഞിരുന്നു. ഞങ്ങളുടെ വീട്ടിലായിരുന്നു ബിജുവും സന്ധ്യയും താമസം. അവർ രാത്രി ഭക്ഷണം കഴിക്കാൻ പോയതാണ്. ഇങ്ങോട്ട് വരാൻ പലതവണ ഫോണിൽ വിളിച്ച് പറഞ്ഞു. ഭക്ഷണം കഴിച്ചിട്ടു വരാമെന്നാണ് പറഞ്ഞത്. പെട്ടെന്ന് വലിയ ശബ്ദം കേട്ടു. സന്ധ്യ ചേച്ചിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. അടുത്ത് ആരുമുണ്ടായിരുന്നില്ല. ഞാൻ ഉറക്കെ കരഞ്ഞു.

ദേശീയപാത ജീവനക്കാർ ഇവിടെയുണ്ടായിരുന്നു. അവർ ഓടി രക്ഷപ്പെടാൻ പറഞ്ഞു. സന്ധ്യ ചേച്ചി ഇങ്ങനെ കരയുമ്പോൾ ഓടി രക്ഷപ്പെടാൻ തോന്നിയില്ല. ഞാൻ 112ൽ വിളിച്ചു. അപ്പോഴേക്കും വഴിയിലെ മണ്ണിടിഞ്ഞു. ജെസിബി വരാൻ താമസമുണ്ടായി’’– അഞ്ജു പറഞ്ഞു.

‘‘ആളുകളെ ക്യാംപിലേക്ക് മാറ്റാൻ ഇന്നലെ വൈകിട്ട് 5 മണിക്ക് ജനപ്രതിനിധികളെത്തി. ഒൻപതരയോടെയാണ് മണ്ണിടിഞ്ഞ് തുടങ്ങിയത്. വെളിച്ചമില്ലായിരുന്നു. പിന്നീടാണ് ബിജു കുടുങ്ങിയതായി അറിയുന്നത്. വാർഡ് മെംമ്പറാണ് പേരു വിളിച്ച് സ്ഥലത്തേക്ക് ആദ്യം ചെന്നത്. ബിജുവിനെ രക്ഷിക്കാൻ പറ്റാത്തത് സങ്കടകരമായ കാര്യമാണ്’’–പ്രദേശവാസിയായ അലൻ പറഞ്ഞു.

‘‘ഇന്നലെയും ദേശീയ പാതയുടെ ജോലി ഉണ്ടായിരുന്നു. രണ്ടു ദിവസമായി ഭൂമിയിൽ വിള്ളൽ ഉണ്ടായിരുന്നു. അശാസ്ത്രീയമായ റോഡ് പണിയാണ് നടന്നത്. അതിനാലാണ് രാത്രി ആളുകളെ മാറ്റിയത്’’–പൊതു പ്രവർത്തകനായ മൂർത്തി പറഞ്ഞു. എന്നാൽ
റോഡ് നിർമാണത്തിൽ അപകടസാധ്യത ഉള്ള സ്ഥലങ്ങൾ കണ്ടെത്താൻ പരിശോധന നടത്തുമെന്നും റിപ്പോർട്ട്‌ ലഭിക്കുന്നത് വരെ നിർമാണം നടത്തരുതെന്ന് എൻഎച്ച്എഐ ക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
.

കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിഞ്ഞത്. അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ 3.27ഓടെ സന്ധ്യയെയും ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 4.50ഓടെ ബിജുവിനെയും പുറത്തെത്തിച്ചു. അപ്പോഴേക്കും ബിജുവിന്റെ ജീവന്‍ നഷ്ടമായിരുന്നു. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട സന്ധ്യയെ ആദ്യം സമീപത്തുള്ള ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലും വിദഗ്ദ ചികിത്സയ്‌ക്കെത്തിച്ചു. സന്ധ്യയുടെ കാലുകള്‍ക്ക് ഗുരുതര പരിക്കുണ്ട്. കാലിലെ രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഇടത്തേ കാലിലേക്ക് രക്തയോട്ടം വളരെ കുറവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. സന്ധ്യയെ നിലവില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

സ്ഥലത്ത് നേരത്തെ തന്നെ മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായിരുന്നത് കൊണ്ട് 22 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ ബിജുവിനെയും സന്ധ്യയെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ക്യാമ്പില്‍ പോകാതെ തൊട്ടടുത്തുള്ള തറവാട്ടിലേക്കായിരുന്നു ഇരുവരും മാറി താമസിച്ചത്. ഇന്നലെ ഭക്ഷണം കഴിക്കുന്നതിനായി തറവാട്ടില്‍ നിന്നും എത്തിപ്പോഴായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. ഇരുവരും വീട്ടിലെത്തി 20 മിനിറ്റിനുള്ളില്‍ മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു.

നിലവില്‍ ആശങ്കയിലാണ് കൂമ്പന്‍പാറയിലെ നാട്ടുകാര്‍. ദേശീയപാത നിര്‍മാണം മൂലം മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും അശാസ്ത്രീയ മണ്ണെടുപ്പാണ് നടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ദേശീയപാത 85ന്റെ പണി നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. മൂന്നാറിലേക്കുള്ള പ്രധാന പാതയിലാണ് അപകടം നടന്നത്.

Share
error: Content is protected !!