മെഡലുമായെത്തുമെന്ന് വാക്കുകൊടുത്തു, പക്ഷെ, അച്ഛൻ കാത്തുനിന്നില്ല… ജെന്നിഫർ തിരിച്ചെത്തിയത് ജീവനറ്റ പിതാവിനരികെ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻവരുമ്പോൾ ജെന്നിഫർ കെ. ജയ്സൺ അച്ഛനോടു പറഞ്ഞിരുന്നു, മെഡലുമായി വരുമെന്ന്. എന്നാൽ, അതുകാണാൻ അച്ഛൻ ജെയ്സൺ കാത്തുനിന്നില്ല. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരിച്ചു.
.
ഈ വിവരം എങ്ങനെ ജെന്നിഫറിനോട് പങ്കുവെക്കണമെന്നറിയാതെ വയനാട് ബത്തേരി സർവജന സ്കൂൾ ടീം അധികൃതരും ആശങ്കയിലായി. ഒടുവിൽ സഹോദരനും അമ്മയും വിളിച്ച് അച്ഛന് ഗുരുതരമാണെന്നും വേഗം വരാനും ജെന്നിഫറിനോട് നിർദേശിച്ചു. മരണവിവരം അറിയിച്ചില്ല. മത്സരിക്കാതെ ജെന്നിഫർ മടങ്ങി.
.
സുൽത്താൻ ബത്തേരി ഗവണ്മെന്റ് സര്‍വജന സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ജെന്നിഫര്‍ സംസ്ഥാന കായികമേളയില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 52 കരാട്ടെയിലും സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തിലും പങ്കെടുക്കാനാണ് തിരുവനന്തപുരത്ത് എത്തിയത്. 1500 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും കരാട്ടെയില്‍ ഒന്നാം സ്ഥാനവും നേടിയാണ് ജെന്നിഫര്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാനെത്തിയത്. കരാട്ടെയില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നു.
ബത്തേരി അസംപ്ഷന്‍ ആശുപത്രിയിലെ നഴ്സായ സലോമിയാണ് ജെന്നിഫറിന്റെ അമ്മ. ജെസ്റ്റിന്, ജെറിന് എന്നിവര്‍ സഹോദരങ്ങളാണ്.


