പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ; ‘വല്യേട്ടന്റെ’ അടിച്ചമർത്തൽ സഹിക്കില്ല, മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കും?
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ. മന്ത്രിസഭയില്‍നിന്നു വിട്ടുനില്‍ക്കുന്നത് അടക്കം ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്നണി വിട്ടുപോകാതെ മന്ത്രിമാര്‍ ക്യാബിനറ്റ് യോഗത്തില്‍ നിന്ന് ഒഴിവായി നില്ക്കുന്ന നടപടി ഉണ്ടായേക്കാം. കാനം രാജേന്ദ്രന് സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോള്‍ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ സമാനമായ നിലപാട് സിപിഐ സ്വീകരിച്ചിരുന്നു. ക്യാബിനറ്റില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിയുടെ രാജിക്കു വഴിയൊരുക്കിയത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെ നേതാക്കളെല്ലാം കടുത്ത അമര്‍ഷത്തിലാണ്. സമൂഹത്തിനു മുന്നില്‍ അപമാനിക്കപ്പെട്ട് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും മന്ത്രിമാരെ പിന്‍വലിക്കണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യമുന്നിയിക്കുന്നുണ്ട്. പിഎം ശ്രീക്കെതിരെ മന്ത്രിസഭാ യോഗത്തില്‍ കൃത്യമായ എതിര്‍പ്പ് അറിയിച്ചിട്ടും പുച്ഛിച്ചു തള്ളിയ സാഹചര്യത്തില്‍ എന്തിനാണ് അവഗണന സഹിച്ച് മന്ത്രിസഭയില്‍ തുടരുന്നതെന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
അതിനിടെ, വിഷയത്തിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്കു കത്തയയ്ക്കും. സിപിഎം ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുക. വിഷയം കേരളത്തില്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. മുഖ്യമന്ത്രിയെ കണ്ട് എതിര്‍പ്പ് അറിയിച്ചിട്ടും എന്തെങ്കിലും അനുകൂല പ്രതികരണം ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന നേതൃത്വം കരുതുന്നില്ല. കേന്ദ്ര സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഡി.രാജ പ്രതികരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പിഎം ശ്രീ ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിക്കും.


