വാർക്കുതർക്കം; ജ്യേഷ്ഠൻ അനുജനെ പെട്രോളൊഴിച്ച് കത്തിച്ചു; ഇരുവരും നിരവധി കേസുകളിലെ പ്രതികൾ
കൊച്ചി: ചോറ്റാനിക്കരയിൽ ജ്യേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. ചോറ്റാനിക്കര അമ്പലത്തിന് സമീപം വാടകക്ക് താമസിക്കുന്ന മണികണ്ഠനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളുടെ ജ്യേഷ്ഠൻ മാണിക്യനെ ചോറ്റാനിക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ ജ്യേഷ്ഠൻ അനുജന്റെ ശരീരത്തിൽ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
.
ഞായറാഴ്ച രാത്രി 8.30 ഓടെ ചോറ്റാനിക്കര അമ്പലത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം. ശരീരത്തിന്റെ ഒരു ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ മണികണ്ഠനെ ആദ്യം അടുത്തുള്ള തൃപ്പൂണിത്തുറ ആശുപത്രിയിലേക്കും അവിടെനിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മാറ്റി. വാക്ക് തർക്കത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
വർഷങ്ങളായി ചോറ്റാനിക്കര അമ്പലത്തിന്റെ പരിസരത്ത് താമസിക്കുന്നവരാണ് മണികണ്ഠനും കുടുംബവും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് പതിവാക്കിയ ജ്യേഷ്ഠനും അനുജനുമെതിരേ നിരവധി കേസുകളുള്ളതായാണ് വിവരം.


