പുലർച്ചെ അംഗശുദ്ധിവരുത്തി കട്ടിലിൽ കിടന്ന് ശാന്തമായി കലിമ ചൊല്ലി, ‘ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ…,’; നൊമ്പരമായി വല്യുപ്പക്കും വല്യുമ്മക്കുമൊപ്പം ഉംറക്കെത്തിയ പതിനാറുകാരൻ്റെ വിയോഗം
മദീന: വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനായി പുണ്യഭൂമിയിലെത്തിയ കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ 16 വയസ്സുകാരൻ മുഹമ്മദ് അൻസിൽ മക്കയിൽ വെച്ച് അന്തരിച്ചു. വീൽചെയറിൽ മക്കയിലെത്തി തന്റെ ആഗ്രഹ സാഫല്യം പൂർത്തിയാക്കിയ ഭിന്നശേഷിക്കാരനായ അൻസിലിന്റെ അവസാന വാക്കുകൾ “ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ” എന്നതായിരുന്നു.
ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മദീനയിൽ പ്രവാചകന്റെ പൂങ്കാവനം സന്ദർശിക്കാൻ തയാറെടുക്കുന്നതിനിടെയാണ് അൻസിൽ ഉമ്മയെ കാണണമെന്നുള്ള തന്റെ ആഗ്രഹം കൂടെയുള്ള വല്യുപ്പയോടും വല്യുമ്മയോടും പറഞ്ഞത്. എന്നാൽ അവൻ മറ്റൊരു യാത്രക്കുള്ള തയ്യാറെടുപ്പിലാണെന്നുള്ള സത്യം ആരും അറിഞ്ഞിരുന്നില്ല. നേരം പുലരും വരെ കാത്തിരിക്കാമെന്ന് പറഞ്ഞ് വല്യുമ്മയുടെ വാത്സല്യം അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പുലർച്ചെ അവൻ ഈ ലോകത്തോട് വിടചൊല്ലി.
മദീന കെ.എം.സി.സി വെൽഫെയർ വിങ്ങാണ് സമൂഹമാധ്യമങ്ങളിൽ അൻസിലിന്റെ മടക്കം വിവരിക്കുന്ന വൈകാരിക കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പിൻ്റെ പൂർണരൂപം:
“‘ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ…’ പുണ്യഭൂമിയിൽ നിന്നൊരു മാഞ്ഞുപോക്ക്…
വിശുദ്ധിയുടെ ഗന്ധം തങ്ങിനിൽക്കുന്ന മദീനയുടെ മണ്ണിൽ, കോഴിക്കോട് കുന്ദമംഗലത്തെ മുഹമ്മദ് അൻസിൽ എന്ന പതിനാറുകാരൻ തന്റെ ഇഹലോകയാത്ര അവസാനിപ്പിച്ചു. ഊഷ്മള സ്നേഹത്തിന്റെ തണലായ വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു ഈ ബാലൻ. പരിശുദ്ധ കർമ്മങ്ങളുടെ നിർവൃതിയിൽ നിൽക്കെ, പ്രവാചകന്റെ പൂങ്കാവനം സന്ദർശിക്കുന്ന വേളയിലായിരുന്നു കാലം അവനെ മാടി വിളിച്ചത്. അൻസിലിന്റെ ഉള്ളിൽ അടങ്ങാത്ത ഒരുമ്മ വാത്സല്യത്തിനായുള്ള ദാഹമുണ്ടായിരുന്നു.
പുലർച്ചെ അവൻ അംഗശുദ്ധി വരുത്തി, ഒരു യാത്രക്ക് തയ്യാറെടുക്കുന്നവനെപ്പോലെ ഉണർന്നിരുന്നു. എന്നിട്ട്, നിറഞ്ഞ കണ്ണുകളോടെ ഉമ്മയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. നേരം പുലരും വരെ കാത്തിരിക്കാമെന്ന് പറഞ്ഞ് വല്യുമ്മയുടെ വാത്സല്യം അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അവന്റെ ആത്മാവ് മറ്റൊരു യാത്രക്ക് ഒരുങ്ങുകയായിരുന്നു…. ‘ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ…’ ഒരു മകന്റെ ഹൃദയം നുറുങ്ങുന്ന ഈ അന്തിമ മൊഴി.
.
അവൻ ശാന്തമായി ‘കലിമ’ ചൊല്ലി, ജീവിതത്തിൽ നിന്ന് വിടവാങ്ങുന്നവന്റെ നിർമ്മലതയോടെ കട്ടിലിൽ കിടന്നു. പുലർച്ചെ 3:30-ന്, പ്രഭാതത്തിന് തൊട്ടുമുമ്പ്, അവന്റെ ശ്വാസം നിലച്ചു; മരണം അവനെ നിശ്ശബ്ദമായി പുൽകി. ഈ പുണ്യഭൂമിയിൽ, അപ്രതീക്ഷിത ദുരന്തത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ വല്യുപ്പയും വല്യുമ്മയും തളർന്നുപോയി. നിയമനടപടികളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ അവർ വിതുമ്പി. ആ സ്തംഭനാവസ്ഥയിൽ, കുന്ദമംഗലം ഗ്ലോബൽ കെഎംസിസി വഴി മദീന കെഎംസിസി വെൽഫെയർ വിങ്ങിന് വിവരം കൈമാറി. ഉടൻതന്നെ മദീന കെഎംസിസി പ്രതിനിധികൾ അവർ താമസിച്ച ഹോട്ടലിലെത്തി, ആ വയോധികർക്ക് സാന്ത്വനമായി, താങ്ങായി മാറി. സ്വർഗ്ഗതുല്യമായ ജന്നത്തുൽ ബഖീഇൽ അൻസിലിന് ശാശ്വത വിശ്രമം നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഉമ്മയെ കാണാൻ കൊതിച്ച്, വിടവാങ്ങലിന്റെ സന്ദേശം കൈമാറി, വിശുദ്ധിയുടെ മണ്ണിൽ നിത്യനിദ്രയിലാണ്ട ആ പതിനാറുകാരന്റെ ഓർമ്മകൾ ഓരോ പ്രവാസിയുടെ നെഞ്ചിലും നീറ്റലായി അവശേഷിക്കും.”
.
വിവരം ലഭിച്ച ഉടൻ തന്നെ മദീന കെഎംസിസി വെൽഫെയർ വിംഗ് പ്രതിനിധികൾ അവർ താമസിച്ച ഹോട്ടലിൽ എത്തുകയും വല്യുപ്പയ്ക്കും വല്യുമ്മയ്ക്കും സാന്ത്വനം നൽകുകയും ചെയ്തു. ജന്നത്തുൽ ബഖീഇൽ മുഹമ്മദ് അൻസിലിന് ശാശ്വത വിശ്രമം നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മദീന കെഎംസിസി അറിയിച്ചു.
(കടപ്പാട്: ഗൾഫ് മാധ്യമം)


