ഭാര്യയെ കൊന്ന് കുഴിച്ചിട്ടു; ‘കാണാനില്ലെന്ന്’ പരാതി നൽകി മുങ്ങാൻ ശ്രമിച്ച യുവാവ് പിടിയിൽ, മൃതദേഹം കുഴിച്ചിട്ടത് നിര്‍മാണം നടക്കുന്ന വീട്ടിലെന്ന് മൊഴി

അയര്‍ക്കുന്നം: അന്യസംസഥാന തൊഴിലാളി ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയശേഷം, ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതിനല്‍കി. തുടർന്ന് മുങ്ങാന്‍ശ്രമിച്ച തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സോണി (32)യെയാണ് അയര്‍ക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ അല്‍പ്പനയെ (24) ഇളപ്പാനി ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നു കുഴിച്ചുമൂടി എന്ന നിഗമനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
.
നിര്‍മാണ തൊഴിലായ സോണി കഴിഞ്ഞ 14-നാണ് ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സോണിയെ വിളിച്ചുവെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ കൂട്ടാക്കിയില്ല. ഇതിനിടയില്‍, ഇയാള്‍ തന്റെ ചെറിയ കുട്ടികളുമായി ട്രെയിനില്‍ നാട്ടിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് പോലീസ് ആര്‍.പി.എഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ 14-ന് രാവിലെ സോണി ഇളപ്പാനി ജങ്ഷന് സമീപത്തുകൂടി ഭാര്യയ്‌ക്കൊപ്പം നടന്നു പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, സോണി മാത്രമാണ് തിരികെ പോകുന്നതായി ദൃശ്യത്തിലുള്ളത്. ഇതാണ് പോലീസിന് സംശയം തോന്നാന്‍ കാരണമായത്.
.
ശനിയാഴ്ച പുലര്‍ച്ചെ സ്‌റ്റേഷനില്‍ എത്തിച്ചെങ്കിലും ആദ്യം ഇയാള്‍ അന്വേഷണത്തോടു സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് ദ്വിഭാഷിയുടെ സഹായത്തോടെ നടത്തിയ ചോദ്യംചെയ്യലിലാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇളപ്പുങ്കല്‍ ജങ്ഷനില്‍നിന്ന് 100 മീറ്റര്‍ മാറി മണ്ണനാല്‍ ഡിന്നിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുറ്റത്തെ മണ്ണ് നിരപ്പാക്കിയിരുന്നു. ഇവിടെ, അല്‍പ്പനയെ കുഴിച്ചുമൂടിയെന്നാണ് സംശയം. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.

.
നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്ന ഭാഗം വിജനമാണ്. ഇക്കാര്യം വ്യക്തമായി അറിഞ്ഞാണ് സോണി ഭാര്യയെയുമായി ഇവിടെ എത്തിയതെന്നാണു പോലീസ് നിഗമനം. സ്‌റ്റേഷന്‍ ഓഫീസര്‍ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ പോലീസ് ചോദ്യംചെയ്യുകയാണ്.

Share
error: Content is protected !!