ഹിജാബ് വിലക്ക്: കൂടുതൽ കുട്ടികൾ സെൻറ് റീത്താസ് സ്കൂൾ വിടുന്നു; കൃസ്ത്യൻ മാനേജ്മെൻ്റിൻ്റെ മറ്റൊരു സ്കൂളിൽ അഡ്മിഷൻ നൽകുമെന്ന് കന്യാസ്ത്രീയായ പ്രിൻസിപ്പൽ അറിയിച്ചതായി രക്ഷിതാക്കൾ
കൊച്ചി: പള്ളുരുത്തിയിലെ സെൻറ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്കിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ, അധികൃതരുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് രണ്ട് വിദ്യാർഥികളെക്കൂടി സ്കൂളിൽ നിന്ന് മാറ്റാൻ രക്ഷിതാക്കൾ തീരുമാനിച്ചു. കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനായി (ടിസി) അപേക്ഷിച്ചു.
ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥി മറ്റു കുട്ടികളിൽ ഭയം സൃഷ്ടിക്കുന്നുവെന്ന സ്കൂൾ അധികൃതരുടെയും പിടിഎ പ്രസിഡൻ്റിൻ്റെയും നിലപാടാണ് രക്ഷിതാക്കളെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ഈ പ്രസ്താവന തങ്ങളുടെ വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് വിദ്യാർഥിയുടെ മാതാവായ ജസ്ന അഭിപ്രായപ്പെട്ടു.
.
മതവിശ്വാസങ്ങളോട് വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്ന അധികൃതർക്കിടയിൽ തങ്ങളുടെ കുട്ടികൾ വളരുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക രക്ഷിതാക്കൾ പങ്കുവെച്ചു. രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളെയാണ് ഇപ്പോൾ സ്കൂളിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മാനസികാവസ്ഥയുള്ള അധ്യാപകരുടെ സ്കൂളിൽ മക്കളെ പഠിപ്പിക്കാൻ മാനസികമായി ഭയമുണ്ടെന്നും മാതാവ് പറഞ്ഞു.
എന്നാൽ അതേ ക്രിസ്ത്യൻ മാനേജ്മെൻ്റിന് കീഴിലുള്ള മറ്റൊരു സ്കൂളിൽ കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്. ഓവർ ലേഡീസ് കോൺവെൻ്റ് സ്കൂളിലെ പ്രിൻസിപ്പൽ (ഒരു കന്യാസ്ത്രീ) തങ്ങളുമായി സംസാരിക്കുകയും, എല്ലാ കുട്ടികളുടെയും അവകാശങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും വിവേചനങ്ങളില്ലെന്നും ഉറപ്പ് നൽകിയതായും രക്ഷിതാക്കൾ അറിയിച്ചു.
നിലവിൽ സെൻറ് റീത്താസ് സ്കൂൾ അധികൃതർ ടിസി നൽകിയിട്ടില്ലെങ്കിലും, കുട്ടികളെ അവിടെ തുടരാൻ അനുവദിക്കില്ലെന്ന നിലപാട് രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ട്.


