യുവതിയെന്ന വ്യാജേന സൗഹൃദം സ്ഥാപിക്കും, സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിയും പണം തട്ടലും; പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി: സ്ത്രീയെന്ന വ്യാജേന സാമൂഹികമാധ്യമത്തില്‍ സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശിയായ മനോജ് വര്‍മ്മയാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 21-ന് തന്റെ പക്കല്‍ നിന്ന് പണം തട്ടിയതായി ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
.
വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് സ്ത്രീയെന്ന വ്യാജേനയാണ് പ്രതി യുവതിയുമായി ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും സൗഹൃദം സ്ഥാപിച്ചത്. യുവതിയുടെ വിശ്വാസ്യത പിടിച്ചുപറ്റിയ പ്രതി സ്വകാര്യ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കൈക്കലാക്കി. ശേഷം പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായിരുന്നു പ്രതിയുടെ രീതി. യുവതി പല തവണകളായി പണം നല്‍കിയെങ്കിലും ഭീഷണി തുടര്‍ന്നുകൊണ്ടേയിരുന്നു. തുടര്‍ന്നാണ് യുവതി പരാതി നല്‍കാന്‍ തീരുമാനിച്ചത്.
.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഗൂഗിള്‍ പേ അടക്കമുള്ള സംവിധാനങ്ങളിലൂടെ തെളിവുകള്‍ ശേഖരിച്ചാണ് പ്രതിയിലേക്കെത്തിയത്. ലക്‌നൗ പോലീസിന്റെ കൂടി സഹായത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്ന് സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ചാറ്റുകളുമടങ്ങുന്ന ഫോണ്‍ കണ്ടെത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ മുന്‍പും സമാനമായ രീതിയില്‍ പല യുവതികളില്‍ നിന്ന് പണംതട്ടിയതായി പ്രതി സമ്മതിച്ചു. ചില സന്ദര്‍ഭങ്ങളില്‍ ഇരകളുടെ തന്നെ ചിത്രം ഉപയോഗിച്ച് ഇയാള്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയതായി പോലീസിന് തെളിവ് ലഭിച്ചു. കുറ്റകൃത്യം നടത്താന്‍ ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Share
error: Content is protected !!