സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ; വ്യാഴാഴ്ച ശിക്ഷ വിധിക്കും
പാലക്കാട് : നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. കേസിൽ 16ന് (വ്യാഴാഴ്ച) ശിക്ഷ വിധിക്കും.
നെന്മാറ ഇരട്ടക്കൊലക്കേസിലും പ്രതിയാണ് ചെന്താമര. അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ 2019 ഓഗസ്റ്റ് 31-നാണ് ചെന്താമര വെട്ടിക്കൊന്നത്.
തന്റെ ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്.
കുടുംബപ്രശ്‌നം മൂലം ചെന്താമരയുടെ ഭാര്യയും മകളും അകന്നുകഴിയുകയായിരുന്നു. ഇതിനുകാരണം സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തുകയാണെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. മരണം ഉറപ്പാക്കിയ ശേഷം വീട്ടില്‍തിരിച്ചുവന്ന് വെട്ടാനുപയോഗിച്ച കത്തി അലമാരയ്ക്കടിയില്‍ ഒളിപ്പിക്കുകയും രക്തക്കറ പുരണ്ട ഷര്‍ട്ട് കത്തിച്ചുകളയുകയും ചെയ്തു. തുടര്‍ന്ന് പോത്തുണ്ടി വനമേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തിരിച്ചിലിനൊടുവിലാണ് പിടികൂടിയത്.
ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു.


