അര്‍ച്ചന മദ്യക്കുപ്പി മാറ്റിയെന്ന് പറഞ്ഞ് മര്‍ദനം; ശിവകൃഷ്ണൻ്റെ എടുത്തുചാട്ടം; പൊലിഞ്ഞത് മൂന്നുജീവന്‍

കൊല്ലം: ‘ശിവകൃഷ്ണന്റെ എടുത്തുചാട്ടമാണ് എല്ലാത്തിനും കാരണം’, നെടുവത്തൂരില്‍ കിണറിടിഞ്ഞ് വീണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നാട്ടുകാര്‍ക്ക് പറയാനുള്ളത് ഇതുമാത്രമാണ്. കിണറ്റില്‍ച്ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിണറിടിഞ്ഞ് വീണ് മൂന്നുപേരുടെ ജീവന്‍ നഷ്ടമായത്. യുവതിയുടെ സുഹൃത്തായ ശിവകൃഷ്ണന്റെ അശ്രദ്ധയും ഇയാള്‍ കിണറിനടുത്തേക്ക് പോയതുമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് നാട്ടുകാരുടെയും ദൃക്‌സാക്ഷികളുടെയും പ്രതികരണം.
.

നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന, സുഹൃത്ത് ശിവകൃഷ്ണന്‍, കൊട്ടാരക്കര അഗ്നിരക്ഷാസേന യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ സോണി എസ്.കുമാര്‍ എന്നിവരാണ് കിണറിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം.

മദ്യപിച്ച് തര്‍ക്കം, അര്‍ച്ചന കിണറ്റില്‍ച്ചാടി…

അര്‍ച്ചനയും മൂന്നു മക്കളുമാണ് നെടുവത്തൂരിലെ വീട്ടില്‍ താമസം. അര്‍ച്ചനയുടെ സുഹൃത്തായ ശിവകൃഷ്ണന്‍ ഇവിടെ ഇടയ്ക്കിടെ വരാറുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പതിവുപോലെ ശിവകൃഷ്ണന്‍ വീട്ടിലെത്തി. മദ്യക്കുപ്പിയുമായാണ് ഇയാള്‍ വീട്ടില്‍വന്നതെന്നാണ് വിവരം. വൈകീട്ടുവരെ മദ്യപിച്ചു. അല്പസമയത്തിന് ശേഷം വീണ്ടും മദ്യപിക്കാനായി മദ്യക്കുപ്പി നോക്കിയെങ്കിലും കണ്ടില്ല. വീട്ടിനുള്ളില്‍വെച്ച മദ്യക്കുപ്പി അര്‍ച്ചന മാറ്റിവെച്ചെന്നായിരുന്നു ഇയാളുടെ ആരോപണം. ഇതേച്ചൊല്ലി അര്‍ച്ചനയുമായി വഴക്കായി. അര്‍ച്ചനയെ മര്‍ദിക്കുകയുംചെയ്തു. മര്‍ദനമേറ്റ ദൃശ്യം അര്‍ച്ചന സ്വന്തം മൊബൈലില്‍ ചിത്രീകരിച്ചു. തുടര്‍ന്ന് വഴക്കും മര്‍ദനവും തുടര്‍ന്നതോടെയാണ് അര്‍ച്ചന വീടിന് മുന്നിലുണ്ടായിരുന്ന കിണറ്റില്‍ച്ചാടിയത്.
.

അഗ്നിരക്ഷാസേന സ്ഥലത്ത്, രക്ഷാപ്രവര്‍ത്തനം, പിന്നാലെ ദുരന്തം…

അര്‍ച്ചന കിണറ്റില്‍ച്ചാടിയതോടെ സുഹൃത്തായ ശിവകൃഷ്ണന്‍ തന്നെയാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് കൊട്ടാരക്കരയില്‍നിന്ന് സോണി എസ്.കുമാര്‍ ഉള്‍പ്പെടെയുള്ള അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി. സോണിയാണ് അര്‍ച്ചനയെ കിണറ്റിലിറങ്ങി രക്ഷിക്കാനായി മുന്നിട്ടിറങ്ങിയത്. ഇതിനുമുന്‍പ് അഗ്നിരക്ഷാസേനാംഗങ്ങള്‍ അര്‍ച്ചനയുമായി സംസാരിക്കുകയുംചെയ്തിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ എല്ലാസംവിധാനങ്ങളുമായി കയര്‍ കെട്ടി സോണി കിണറ്റിലിറങ്ങി. തുടര്‍ന്ന് അര്‍ച്ചനയെ സുരക്ഷിതമായി മുകളിലേക്ക് കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായ ദുരന്തമുണ്ടായത്.

രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ കിണറിന് സമീപത്തുനിന്ന് മാറിനില്‍ക്കാന്‍ അഗ്നിരക്ഷാസേനാംഗങ്ങള്‍ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശിവകൃഷ്ണന്‍ മാത്രം ഇത് ചെവികൊണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അര്‍ച്ചനയെ മുകളിലേക്ക് കൊണ്ടുവരുന്നതിനിടെ ശിവകൃഷ്ണന്‍ ടോര്‍ച്ചടിച്ച് വെളിച്ചം തെളിക്കാനായി കിണറിന് സമീപത്തെത്തി. ഇതോടെ കിണറിന്റെ കൈവരി തകര്‍ന്നുവീഴുകയായിരുന്നു. ഒപ്പം ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. തകര്‍ന്ന കൈവരിയുടെ കല്ലുകളും മറ്റും പതിച്ചത് സോണിയുടെയും അര്‍ച്ചനയുടെയും ദേഹത്തേക്കായിരുന്നു. തുടര്‍ന്ന് ആദ്യം സോണിയെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. കുണ്ടറ, കൊല്ലം എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ് മറ്റുരണ്ടുപേരെയും പുറത്തെടുത്തത്.
.

വിയോഗത്തില്‍ വിങ്ങി നാട്…

ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിയാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനായ സോണി എസ്.കുമാര്‍. പത്തുവര്‍ഷം മുന്‍പാണ് ഇദ്ദേഹം സര്‍വീസില്‍പ്രവേശിച്ചത്. നാട്ടിലെ സാമൂഹികപ്രവര്‍ത്തനങ്ങളിലടക്കം സോണി സജീവമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2012 മുതല്‍ സോണി പിഎസ്‌സി പരീക്ഷകള്‍ക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് പിഎസ്‌സി പരീക്ഷ ജയിച്ച് അഗ്നിരക്ഷാസേനയില്‍ നിയമനം ലഭിച്ചത്.

Share
error: Content is protected !!