പേരാമ്പ്രയിൽ വീണ്ടും സംഘർഷാവസ്ഥ; യുഡിഎഫ് പ്രതിഷേധത്തിനിടെ പോലീസുമായി വാക്കേറ്റം

കോഴിക്കോട്: പേരാമ്പ്രയിൽ വീണ്ടും സംഘർഷാവസ്ഥ. യുഡിഎഫിന്റെ പ്രതിഷേധ സദസ്സിനിടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

പ്രതിഷേധ സദസ്സ് നടക്കുന്ന പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ആണ് വാക്കേറ്റമുണ്ടായത്. യുഡിഎഫ് പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന്‌ പോലീസ് പിരിഞ്ഞു പോകണം എന്നാവശ്യപ്പെട്ടാണ് പ്രവർത്തകരുടെ പ്രതിഷേധം.

യുഡിഎഫ് പ്രവർത്തകർ പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും കൂക്കി വിളിക്കുകയും ചെയ്യുന്ന സാഹചര്യം ഉടലെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ഏകപക്ഷീയമായി യുഡിഎഫ് പ്രവർത്തകരെ മർദ്ദിച്ചു എന്ന ആരോപണം പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. ഇതാണ്‌ വാക്കേറ്റത്തിലേക്ക് നയിച്ചത്. സംഘർഷം കൂടുതൽ കയ്യാങ്കളിയിലേക്ക് പോകാതിരിക്കാൻ പ്രാദേശിക നേതാക്കന്മാർ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. എംപിക്ക് ലാത്തിച്ചാർജിനിടെയല്ല പരിക്കേറ്റതെന്നായിരുന്നു റൂറൽ എസ്പി കെ.ഇ. ബൈജുവിന്റെ അവകാശവാദം. എന്നാൽ, എംപിയെ പോലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. അക്രമത്തിൽ ഷാഫിയുടെ മൂക്കിന്റെ എല്ല് പൊട്ടി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Share
error: Content is protected !!