ലഹരിക്കടത്ത് കേസിൽ നവവരന് ദുബായിൽ10 വർഷം തടവ്; വിശ്വസിക്കാനാകാതെ കുടുംബം, കോടതിവളപ്പിൽ കണ്ണീർമഴ
ദുബായ് രാജ്യാന്തര വിമാനത്താവളം വഴി വൻതോതിൽ ലഹരിമരുന്ന് രാജ്യത്തേയ്ക്ക് കടത്താൻ ശ്രമിച്ച കേസിൽ 26കാരന് ദുബായ് ക്രിമിനൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. എഎംഎ എന്ന് കോടതി രേഖകളിൽ തിരിച്ചറിഞ്ഞ പ്രതിയെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.
മാസങ്ങൾ മാത്രം മുൻപ് വിവാഹിതനായ യുവാവിന്റെ ഭാവിയാണ് ഈ ഒറ്റ സംഭവത്തോടെ തകർന്നുപോയത്. പ്രതിയുടെ ഭാര്യയെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ചുകൊണ്ടാണ് ദുബായ് ക്രിമിനൽ കോടതിയുടെ വിധി വന്നത്. ഉയർന്ന വിദ്യാഭ്യാസം, കുറ്റമറ്റ ഭൂതകാലം, തിളക്കമാർന്ന കരിയർ എന്നിവയുണ്ടായിരുന്ന യുവാവായിരുന്നു ഇയാൾ എന്ന് ബന്ധുക്കൾ കോടതിയിൽ മൊഴി നൽകി.
.
കേസ് രേഖകൾ പ്രകാരം, ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ പ്രതിയുടെ ലഗേജിൽ പതിവ് പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ സ്യൂട്ട്കേസിന്റെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.
കണ്ടെടുത്ത അളവ് വ്യക്തിഗത ഉപയോഗത്തിനായി കരുതുന്നതിലും വളരെ കൂടുതലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ലഹരിമരുന്ന് സ്വന്തം ഉപയോഗത്തിനുള്ളതാണെന്ന് പ്രതി ആദ്യം വാദിച്ചെങ്കിലും ഫൊറൻസിക് പരിശോധനാ ഫലങ്ങളും ലഹരിമരുന്ന് ഒളിപ്പിച്ച രീതിയും കടത്താനുള്ള ഉദേശ്യമാണ് സൂചിപ്പിക്കുന്നതെന്ന് കോടതി കണ്ടെത്തി.
.
മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രതി വിചാരണ വേളയിൽ കുറ്റസമ്മതം നടത്തുകയും പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പൊതു സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ലഹരിമരുന്ന് കടത്തിനെ ലഘുവായി കാണാനാവില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. ഇതോടെ വ്യക്തിഗത ഉപയോഗത്തിനപ്പുറം ലഹരിമരുന്ന് ഇറക്കുമതി ചെയ്യുകയും കൈവശം വയ്ക്കുകയും ചെയ്തു എന്ന കുറ്റം തെളിഞ്ഞതായി കോടതി പ്രഖ്യാപിച്ചു.
.
കുടുംബം തകർന്നു, കോടതിവളപ്പിൽ കണ്ണീർമഴ
പ്രതിയായ യുവാവ് എപ്പോഴും തങ്ങളുടെ കുടുംബത്തിന്റെ അഭിമാനമായിരുന്നുവെന്ന് വിധി കേട്ട് തകർന്നുപോയ കുടുംബാംഗങ്ങൾ കോടതി വളപ്പിൽ കണ്ണീരോടെ പ്രതികരിച്ചു. ഉത്തരവാദിത്തമുള്ളവനും കഠിനാധ്വാനിയും ദയാലുവുമായിരുന്നുവെന്ന് ഒരു ബന്ധു പറഞ്ഞു. എല്ലാം അനുകൂലമായിരുന്ന ഒരു ചെറുപ്പക്കാരന്റെ ദാരുണമായ പതനമായാണ് ഈ സംഭവത്തെ ഇവർ വിശേഷിപ്പിക്കുന്നത്.
.
സൗന്ദര്യവർധക വസ്തുക്കളുടെ പാത്രങ്ങളിൽ ലഹരിമരുന്ന് ഗുളികകൾ ഒളിപ്പിച്ച് കടത്തിയ ഒരു യൂറോപ്യൻ വിനോദസഞ്ചാരിക്ക് 7 വർഷം തടവും ശിക്ഷയായി ലഭിച്ചു. അഡ്വാൻസ്ഡ് സ്കാനറുകൾ, ലഹരിമരുന്ന് മണം പിടിക്കുന്ന നായ്ക്കൾ, സംശയാസ്പദമായ യാത്രക്കാരെ നിരീക്ഷിക്കാനുള്ള പ്രത്യേക സംഘം എന്നിവ ഉപയോഗിച്ച് വിമാനത്താവളങ്ങളിലെ പരിശോധന ദുബായ് കസ്റ്റംസും ആന്റി-നാർക്കോട്ടിക്സ് വിഭാഗവും കർശനമാക്കിയിട്ടുണ്ട്.
.
നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരു ഒഴിവുകഴിവല്ല എന്നും യാത്രക്കാർ തങ്ങളുടെ ലഗേജിൽ എന്താണ് കൊണ്ടുപോകുന്നതെന്ന് പൂർണമായി അറിയണം എന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. ഈ വിധി, യുഎഇയിലെ ലഹരിമരുന്ന് വിരുദ്ധ നിലപാട് എത്രത്തോളം വിട്ടുവീഴ്ചയില്ലാത്തതാണെന്നതിന്റെ ഒരു മുന്നറിയിപ്പാണ്. തിളക്കമാർന്ന ഭാവി ഉണ്ടായിരുന്നിട്ടും രാജ്യത്തേയ്ക്ക് ലഹരിമരുന്ന് കൊണ്ടുവരാനുള്ള യുവാവിന്റെ ഒറ്റപ്പെട്ട തീരുമാനം അയാൾക്ക് ഒരു ദശാബ്ദത്തെ സ്വാതന്ത്ര്യമാണ് നഷ്ടമാക്കിയത്.


