പ്രവാസികൾക്ക് ആശ്വാസം; വാടക വർധനവിലെ നിയന്ത്രണം സൗദിയിലുടനീളം നടപ്പിലാക്കാൻ നീക്കം
ജിദ്ദ: റിയാദ് നഗരത്തിൽ അടുത്തിടെ നടപ്പാക്കിയ വാടക വർധന അഞ്ചു വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ടുള്ള സുപ്രധാന നിയന്ത്രണങ്ങൾ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (റെഗാ) പഠനം നടത്തുന്നു. നഗരങ്ങളിലെ വാടക വിപണി നിരീക്ഷിച്ച ശേഷമാകും തുടർനടപടികൾ.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശപ്രകാരം റിയാദിൽ നടപ്പാക്കിയ ഈ നിയന്ത്രണം, സമീപ വർഷങ്ങളിൽ നഗരത്തിലുണ്ടായ അമിതമായ വാടക വർധനവ് മൂലമുള്ള വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ്. റിയാദിലെ താമസ, വാണിജ്യ കെട്ടിടങ്ങളുടെ വാടകയുടെ മൊത്തം മൂല്യത്തിലുള്ള വാർഷിക വർധനവ് അഞ്ച് വർഷത്തേക്ക് തടയുന്ന ഈ നടപടി, പണപ്പെരുപ്പം പരിമിതപ്പെടുത്താനും റിയൽ എസ്റ്റേറ്റ് വിതരണം വർധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സൗദി നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് സൂചകങ്ങൾ അതോറിറ്റി നിരീക്ഷിച്ചു വരികയാണെന്ന് വക്താവ് തയ്സീർ അൽമുഫർറജ് അറിയിച്ചു. ഓരോ നഗരത്തിലെയും വിപണി നിലവാരവും നിരീക്ഷണ ഫലങ്ങളും അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കുക. ഇതുവഴി ഒഴിഞ്ഞുകിടക്കുന്ന വാണിജ്യ, താമസ കെട്ടിടങ്ങളുടെ വാടക മൂല്യം സ്ഥിരപ്പെടുത്താനും അതോറിറ്റി ലക്ഷ്യമിടുന്നു. കൂടാതെ, ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിയമപരമായ വഴികളും അതോറിറ്റി പഠിച്ചു വരികയാണ്.
.
വാടകക്കാർക്ക് ആശ്വാസം; നിക്ഷേപകർക്ക് സുസ്ഥിരത
റിയാദിലെ അഞ്ച് വർഷത്തെ വാടക സ്ഥിരപ്പെടുത്തൽ വാടകക്കാർക്ക് അവരുടെ വാടക ഉറപ്പാക്കാനും പെട്ടെന്നുള്ള വർധനവിൽ നിന്ന് സംരക്ഷിക്കാനും അവസരം നൽകുമെന്ന് അൽ-മുഫർറജ് വ്യക്തമാക്കി. അതേ സമയം, ഇത് നിക്ഷേപകർക്ക് സുസ്ഥിരമായ അന്തരീക്ഷത്തിൽ ആത്മവിശ്വാസത്തോടെ ആസൂത്രണം ചെയ്യാൻ കഴിയുന്ന വ്യക്തത നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
നിയമലംഘകർക്കെതിരെ കർശന നടപടി
വാടകക്കാരനും ഭൂവുടമയും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്ന നിയമപരമായ ചട്ടങ്ങൾ നടപ്പിലാക്കിയ ശേഷം നിരവധി നിയമ ലംഘനങ്ങൾ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. കെട്ടിടം ഒഴിയാനുള്ള അപേക്ഷകൾ, മൊത്തം വസ്തു മൂല്യം വർധിപ്പിക്കാനുള്ള അപേക്ഷകൾ, പ്ലാറ്റ്ഫോമിന് പുറത്തുള്ള പേയ്മെന്റുകൾ, ‘ഇജാർ’ പ്ലാറ്റ്ഫോം വഴി കരാറുകൾ രേഖപ്പെടുത്തുന്നതിലെ വീഴ്ച എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നിയമം ലംഘിക്കുന്ന എല്ലാവർക്കും മൊത്തം വാടക മൂല്യത്തിന്റെ 12 മാസത്തെ വാടക വരെ പിഴ ചുമത്തുമെന്ന് അൽ-മുഫർറജ് മുന്നറിയിപ്പ് നൽകി. എന്നാൽ, നിയമലംഘനം അതോറിറ്റിയെ അറിയിക്കുന്നവർക്ക്, കണ്ടെത്തിയ നിയമലംഘനത്തിന്റെ മൂല്യത്തിന്റെ 20 ശതമാനം വരെ പ്രോത്സാഹന സമ്മാനമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
റിയാദിൽ വാടകക്കാർക്ക് വലിയ ആശ്വാസം നൽകിയ നിയന്ത്രണങ്ങൾ രാജ്യവ്യാപകമായി നടപ്പാക്കാനുള്ള അതോറിറ്റിയുടെ നീക്കം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


