നമസ്കാരത്തിനിടെ ഹൃദയാഘാതം; പ്രവാസി ഇന്ത്യക്കാരനെ സുജൂദിൽ മരിച്ചനിലയിൽ കണ്ടെത്തി
അൽഖോബാർ: നമസ്കാരത്തിനിടെ പ്രവാസി ഇന്ത്യക്കാരൻമംഗലാപുരം സ്വദേശി അബ്ദുല്ല മൊയ്‌ദീൻ കുഞ്ഞി (60) ആണ് മരിച്ചത്. കാൽ നൂറ്റാണ്ടിലധികമായി സൗദിയിൽ സ്വദേശി തൊഴിലുടമയുടെ വീട്ടിലെ സഹായതൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. അൽ ഖോബാറിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നമസ്കാരത്തിന് ശേഷം പതിവ് സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് തൊഴിലുടമയുടെ വീട്ടിലുള്ളവർ നടത്തിയ അന്വേഷണത്തിലാമ് അബ്ദുല്ല മൊയ്‌ദീൻ കുഞ്ഞി സുജൂദിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെത്തി നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണം ഹൃദയാഘാതം മൂലമാണെന്ന് ആരോഗ്യ പ്രവർത്തകർ കണ്ടെത്തി.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി സ്വദേശി തൊഴിലുടമ മലയാളി സാമൂഹികപ്രവർത്തകരുടെ സഹായം തേടി. അൽഖോബാർ കെഎംസിസി വെൽഫെയർ വിഭാഗം എല്ലാ നടപടിക്രമങ്ങളും ഏറ്റെടുത്തു. പ്രസിഡന്റ് ഇക്ബാൽ ആനമങ്ങാട്, വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി.
ദമാം വിമാനത്താവളത്തിൽ നിന്നും തിങ്കളാഴ്ച രാത്രി മംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിൽ ചൊവ്വാഴ്ച രാവിലെ മൃതദേഹം നാട്ടിലെത്തിച്ചു. ദമാം റഹിമയിൽ ജോലി ചെയ്യുന്ന രണ്ടു മക്കൾ മൃതദേഹത്തെ അനുഗമിച്ചു. നാട്ടിൽ ഭാര്യയും ഒരു മകളുമുണ്ട്.


