വ്യാജന്മാരെ പിടികൂടും: പ്രവാസികളുടെ സർട്ടിഫിക്കറ്റുകളും യോഗ്യതകളും പരിശോധിക്കാൻ നീക്കം; പ്രത്യേക സമിതി രൂപീകരിക്കാൻ ആലോചന
മനാമ: ബഹ്റൈനിലെ വിദേശ തൊഴിലാളികളുടെ അക്കാദമിക്, പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാൻ ആലോചന. തൊഴിൽ വിപണിയുടെ സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കുക ലക്ഷ്യമിട്ടുള്ള ഈ നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചത് എം.പി. മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഈ നിർദേശം നിലവിൽ സ്പീക്കർ സേവനകാര്യ സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
പ്രവാസി തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഉറപ്പുവരുത്താൻ പുതിയ സമിതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. അടുത്തിടെയായി വ്യാജ സർട്ടിഫിക്കറ്റുകളുമായി ചില വിദേശ തൊഴിലാളികളെ പിടികൂടിയ സാഹചര്യത്തിലാണ് ഈ കർശന നടപടിക്ക് ബഹ്റൈൻ ഒരുങ്ങുന്നത്.
ബഹ്റൈനിൽ വിദേശ തൊഴിലാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, അവരുടെ യോഗ്യതാ മാനദണ്ഡങ്ങൾ വ്യാജമല്ലെന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതാണെന്നും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.
വിദേശ തൊഴിലാളികൾക്ക് തടസ്സങ്ങൾ ഉണ്ടാക്കുകയല്ല, മറിച്ച് നിയമിക്കപ്പെടുന്ന ഓരോ തൊഴിലാളിയും ഏറ്റെടുക്കുന്ന ജോലിക്ക് യോഗ്യരാണെന്ന് ഉറപ്പാക്കി ബഹ്റൈനിലെ തൊഴിൽ വിപണിയെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് എം.പി. ജനാഹി വ്യക്തമാക്കി. പൊതു-സ്വകാര്യ മേഖലകളിലെ തൊഴിൽ നിലവാരം മെച്ചപ്പെടുത്താൻ ഈ നീക്കം സഹായകമാകും.
സൗദി അറേബ്യയിലെ വിജയകരമായ മാതൃക
സമാനമായ കർശന പരിശോധനാ സംവിധാനം ഗൾഫ് മേഖലയിൽ നിലവിൽ സൗദി അറേബ്യയിൽ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സൗദിയിൽ നിലവിൽ കഴിയുന്ന തൊഴിലാളികളുടെ തൊഴിൽ നൈപുണ്യവും യോഗ്യതയും ഉറപ്പുവരുത്തുന്നതിനായി തൊഴിൽ നൈപുണ്യ പരീക്ഷാ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
കൂടാതെ, സൗദിയിലേക്ക് പുതിയ തൊഴിൽ വിസയിൽ വരുന്നവർക്ക് അവരുടെ യോഗ്യതാ പരീക്ഷ ഇന്ത്യയുൾപ്പെടെയുള്ള സ്വന്തം രാജ്യങ്ങളിൽ വെച്ച് നടത്തുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ സൗദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്തുനൽകുകയുള്ളൂ. ഈ കർശനമായ നടപടി തൊഴിലാളികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും രാജ്യത്തിന്റെ തൊഴിൽ വിപണിയുടെ നിലവാരം ഉയർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഈ മാതൃക പിന്തുടർന്നാണ് ബഹ്റൈനിലും സമാനമായ സമിതി രൂപീകരിക്കാൻ ആലോചിക്കുന്നത്.


