ബിഹാറിൽ തിരഞ്ഞെടുപ്പ് നവംബര്‍ ആറ്, 11 തിയതികളില്‍; ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പായിരിക്കും ബിഹാറിലേതെന്ന്- ഗ്യാനേഷ് കുമാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ‘സുതാര്യവും സുരക്ഷിതവും പ്രയാസവുമില്ലാത്ത’ തിരഞ്ഞെടുപ്പായിരിക്കും ഇത്തവണ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍. ബിഹാറിലെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
നവംബര്‍ ആറ്, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറില്‍ വോട്ടെടുപ്പ് നടക്കുക. നവംബര്‍ 14-നാണ് വോട്ടെണ്ണല്‍. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരം ഇപ്പോഴും നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതില്‍ സംസ്ഥാനം രാജ്യത്തിന് മാതൃക കാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
‘വോട്ടര്‍ പട്ടിക പുതുക്കല്‍ 2025 ജൂണ്‍ 24-ന് ആരംഭിച്ചു. കരട് പട്ടിക ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ചു. പൗരന്മാര്ക്ക് പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ സെപ്റ്റംബര്‍ ഒന്നുവരെ സമയം നല്കി. അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 30-ന് പുറത്തിറക്കി.’ ബിഹാറിലെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനയെക്കുറിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കുമാര്‍ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തവര്‍ക്ക് തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വോട്ടര്‍ കാര്‍ഡുകള്‍ നൽകും. സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളെ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
.
ബിഹാറില്‍ 90,712 പോളിംഗ് സ്റ്റേഷനുകളുണ്ട്. സംസ്ഥാനത്ത് ആകെ 7.42 കോടി യോഗ്യരായ വോട്ടര്‍മാരുണ്ട്. ഇവരില്‍ 3.92 കോടി പുരുഷന്മാരും 3.5 കോടി സ്ത്രീകളുമാണ്. 14 ലക്ഷം പേര് കന്നിവോട്ടര്‍മാരാണ്. 243 മണ്ഡലങ്ങളിലും ഓരോ ജനറല്‍ നിരീക്ഷകനും 38 ജില്ലകളിലായി ഓരോ പോലീസിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകും. ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.


