ടൂറിസ്റ്റ് വിസയും സന്ദർശന വിസയും ഉൾപ്പെടെ എല്ലാ വിസക്കാർക്കും ഉംറ നിർവഹിക്കാം; പ്രചരിക്കുന്നത് തെറ്റായ വാർത്ത

റിയാദ്: ഏത് തരത്തിലുള്ള വിസയിൽ സൗദിയിൽ എത്തുന്നവർക്കും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കുവാനും അനുവാദമുണ്ടെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. വ്യക്തിഗത, കുടുംബ സന്ദർശന വിസകൾ, ഇ-ടൂറിസ്റ്റ് വിസകൾ, ട്രാൻസിറ്റ് വിസകൾ, തൊഴിൽ വിസകൾ എന്നിവയുൾപ്പെടെ വിവിധ തരം വിസ ഉടമകൾക്ക് ഉംറ നിർവഹിക്കാൻ അനുവാദമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.  ലോകമെമ്പാടുമുള്ള തീർത്ഥാടകർക്ക് ഉംറ കർമ്മങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇതിനായി “നുസുക് ഉംറ” എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം പരിഷ്കരിച്ചതായും മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് നുസുക് ഉംറ പ്ലാറ്റ്‌ഫോം വഴി പ്രവേശിക്കാനും, അവർക്ക് ഉചിതമായ പാക്കേജ് തിരഞ്ഞെടുക്കാനും, തുടർന്ന് ഇലക്ട്രോണിക് രീതിയിൽ എളുപ്പത്തിൽ ഉംറ പെർമിറ്റ് നേടാനും സാധിക്കും. സംയോജിത ഡിജിറ്റൽ അനുഭവത്തിലൂടെ ഗുണഭോക്താക്കൾക്ക് സേവനങ്ങൾ ബുക്ക് ചെയ്യാനും, അപ്പോയിന്റ്‌മെന്റുകൾ തിരഞ്ഞെടുക്കാനും സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഹജ്ജ്, ഉംറ കർമ്മങ്ങൾ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിർവഹിക്കുന്നതിന് സൗകര്യമൊരുക്കുക, തീർത്ഥാടകർക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക, സേവനങ്ങളുടെ ഗുണഭോക്താക്കളുടെ വലയം വികസിപ്പിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്ക് ഉംറ നിർവഹിക്കാൻ അനുവാദമില്ലെന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചുകൊണ്ടരിക്കുന്നതിനിടയിലാണ് മന്ത്രാലയത്തിൻ്റെ വിശദീകരണം. കൂടാതെ വിസിറ്റ് വിസയിലെത്തുന്നവർക്ക് സൌദിയിൽ ഉളള ഒരു പ്രവാസിയുടെ ഇഖാമയുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഉംറ പെർമിറ്റുകൾ അനുവദിക്കൂകയുള്ളൂ എന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രാലയത്തിൻ്റെ വിശദീകരണം.

Share
error: Content is protected !!