ലാൻഡ് ചെയ്യാൻ 400 അടി മാത്രം; എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ റാറ്റ് പുറത്ത്, സുരക്ഷിതമായി ലാൻഡ് ചെയ്തു, തകരാർ കണ്ടെത്താൻ പരിശോധന
ബർമിങ്ങാം ∙ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ റാം എയർ ടർബൈൻ (റാറ്റ്) പറക്കലിനിടെ പുറത്തേക്കു വന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇന്നലെ അമൃത്സറിൽനിന്നും ബർമിങ്ങാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എഐ117 വിമാനത്തിന്റെ റാറ്റ് ആണ് ലാൻഡിങ്ങിനു മുൻപ് 400 അടി ഉയരത്തിൽ വച്ച് പുറത്തേക്ക് വന്നത്. വിമാനത്തിൽ സുരക്ഷാ പരിശോധനകൾ നടത്തി. കൂടുതൽ പരിശോധനയ്ക്കായി വിമാനം പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ ബര്‍മിങാം-ഡല്‍ഹി വിമാനം റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
.
രണ്ട് എന്‍ജിനുകളും ഒരുമിച്ച് പരാജയപ്പെടുകയോ ഇലക്ട്രോണിക്, ഹൈഡ്രോളിക് സംവിധാനങ്ങള്‍ പൂര്‍ണമായി തകരാറിലാവുകയോ, എല്ലാ വൈദ്യുതി സ്രോതസുകളും പ്രവർത്തനരഹിതമാകുകയോ ചെയ്യുമ്പോഴാണ് വിമാനത്തിന്റെ അടിയിൽനിന്ന് റാറ്റ് തനിയെ പുറത്തു വരുന്നത്. റാറ്റ് പ്രവർത്തിച്ചു തുടങ്ങണമെങ്കിൽ ജനറേറ്ററും എപിയുവും (ആക്സിലറി പവർ യൂണിറ്റ്) ബാറ്ററികളും തകരാറിലാകണം. കാറ്റിൽ കറങ്ങിയാണ് റാറ്റ് പ്രവർത്തിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വൈദ്യുതി മാത്രമേ റാറ്റിന് നൽകാനാകൂ. മറ്റു വിമാനങ്ങളിലേതുപോലെ പൈലറ്റുമാർ വിചാരിച്ചാൽ ഡ്രീംലൈനർ വിമാനത്തിലെ റാറ്റ് സംവിധാനം ഓൺ ആക്കാൻ കഴിയില്ല. അപകട ഘട്ടത്തിൽ തനിയെ ഓണാകുകയാണ് ചെയ്യുക. മുൻപ് അഹമ്മദാബാദ് വിമാനാപകടത്തിലും നിലംപതിക്കുന്നതിനു തൊട്ടുമുൻപ് റാറ്റ് പുറത്തേക്ക് വന്നിരുന്നു. റാറ്റ് പ്രവർത്തിച്ചാലും വിമാനത്തിന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയണമെന്നില്ല.
.
വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കൽ, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണ അവസ്ഥയിലാണെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ പരിശോധനകൾ നടക്കുകയാണ്. അതിനാൽ, ബർമിങ്ങാമിൽനിന്നു ഡൽഹിയിലേക്കുള്ള എഐ114 വിമാനം റദ്ദാക്കി. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും എയർ ഇന്ത്യ അറിയിച്ചു.
.
വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.
രണ്ട് എന്‍ജിനുകളും ഒരുമിച്ച് പരാജയപ്പെടുകയോ ഇലക്ട്രോണിക്, ഹൈഡ്രോളിക് സംവിധാനങ്ങള്‍ പൂര്‍ണമായി തകരാറിലാവുകയോ ചെയ്താലാണ് റാറ്റ് പ്രവര്‍ത്തിക്കുക. ഇത്തരം ഘട്ടങ്ങളില്‍ കാറ്റിന്റെ സഹായത്താല്‍ ഇത് അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജം ഉത്പാദിക്കും. ഈവര്‍ഷം ജൂണില്‍ നടന്ന എയര്‍ ഇന്ത്യ ബോയിങ് 787 വിമാനാപകടത്തിന്റെ കാരണങ്ങളായി എന്ജിന് തകരാര്‍, ഹൈഡ്രോളിക്/ ഇലക്ട്രിക്കല്‍ തകരാര്‍, സോഫ്റ്റ്വെയര് പ്രശ്നങ്ങള്‍ എന്നിവ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനം ഒരു മെഡിക്കല്‍ ഹോസ്റ്റല്‍ സമുച്ചയത്തിലേക്ക് തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 241 പേര് ഉള്‍പ്പെടെ 260 പേര് മരിച്ചിരുന്നു. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.


