ഭാര്യയുടെ മുന്നിലൂടെ വിദേശ വനിതകളെ വീട്ടിലെത്തിച്ചു, ഒരാഴ്ച മുൻപും വഴക്ക്; ആ സ്ത്രീ മുന്നറിയിപ്പ് നൽകി, ജെസി നേരിട്ടത് ക്രൂരപീഡനം
ഏറ്റുമാനൂർ (കോട്ടയം): കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയിൽ തള്ളിയ കേസിലെ പ്രതി സാം (59) നിരവധി വിദേശവനിതകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ്. ഭാര്യയായ ജെസി വീട്ടിൽ ഉള്ളപ്പോൾ ഇയാൾ സ്ത്രീകളുമായി വന്നിരുന്നു. ഇതിനെ ജെസി എതിർത്തു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽനിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. (ചിത്രത്തിിൽ കൊല്ലപ്പെട്ട ജെസി സാം, അറസ്റ്റിലായ സാം കെ.ജോർജ്)
.
മറ്റു സ്ത്രീകളെ വീട്ടിലെത്തിക്കുന്നതിലുള്ള എതിർപ്പിനെത്തുടർന്ന് വർഷങ്ങളായി ജെസിയും മക്കളും വീടിന്റെ മുകൾനിലയിലാണ് താമസിച്ചിരുന്നത്. മറ്റൊരു യുവതിക്കൊപ്പം ഇയാൾ വീട്ടിൽ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് വഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു. പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ് മുകൾനിലയിൽ കഴിഞ്ഞിരുന്നത്. ദിവസവും അമ്മയെ ഫോൺ വിളിക്കാറുള്ള മക്കൾ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്.
.
കിടപ്പുമുറിയിൽ വച്ച് ജെസിയെ മൂക്കും വായും തോർത്ത് ഉപയോഗിച്ച് അമർത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടർന്ന് സാം മൈസൂരുവിലേക്കു കടന്നു. അവിടെവച്ചാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പിടിയിലായ ഇറാനിയൻ യുവതിയെ പൊലീസ് പിന്നീട് വിട്ടയച്ചു.


