കെ.പി മോഹനനെ കയ്യേറ്റംചെയ്ത സംഭവം; 20-ഓളം പേര്‍ക്കെതിരേ കേസ്, എംഎല്‍എക്കെതിരേ പരാതിനല്‍കുമെന്ന് സമരക്കാര്‍
കണ്ണൂര്‍: കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനനെ കയ്യേറ്റംചെയ്ത സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരേ കേസ്. പരാതിയില്ലെന്ന് എംഎല്‍എ നിലപാടെടുത്തെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഘംചേര്‍ന്ന് തടഞ്ഞുവെച്ചു എന്ന കുറ്റം ചുമത്തി ചൊക്ലി പോലീസാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. അതേസമയം, എംഎല്‍എയ്ക്കെതിരേ പരാതി നല്‍കാനൊരുങ്ങുകയാണ് സമരക്കാര്‍. സ്ത്രീകളോടടക്കം എംഎല്‍എ മോശമായി പെരുമാറിയെന്നാണ് സമരക്കാരുടെ ആരോപണം.
.
പെരിങ്ങത്തൂര്‍ കരിയാട് നമ്പ്യാര്‍സ് യുപി സ്കൂളിന് സമീപം രാവിലെ പത്തരയോടെയായിരുന്നു സംഭവം. പാനൂര്‍ നഗരസഭ ഇരുപത്തിയെട്ടാം വാര്‍ഡിലെ അങ്കണവാടി ഉദ്ഘാടനത്താനായി എത്തിയതായിരുന്നു കെ.പി മോഹനന്. തണല്‍ ഡയാലിസിസ് സെന്ററിലെ മാലിന്യ വിഷയവുമായി ബന്ധപ്പെട്ടു രൂപവത്കരിച്ച സമരസമിതി നേതാക്കളും അംഗങ്ങളുമാണ് എംഎല്‍എയെ തടഞ്ഞുവെച്ചത്. വാഹനത്തില്‍ നിന്നുമിറങ്ങി ഉദ്ഘാടനം ചെയ്യേണ്ട അങ്കണവാടിയിലെക്ക് നടന്നു പോകുമ്പോള്‍ വഴി തടസപ്പെടുത്തി ബലമായി തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കിടയിലൂടെ എംഎല്‍എ നടന്ന് പോയപ്പോഴായിരുന്നു കയ്യേറ്റം.
.
ഇതോടെ സ്ത്രീകള്‍ അടക്കമുള്ളവരെ തള്ളി മാറ്റാന്‍ എംഎല്‍എ ശ്രമിക്കുന്നതും കാണാമായിരുന്നു. നാട്ടുകാര്‍ പ്രതിഷേധിച്ച രീതി ശരിയായില്ലെന്ന് എംഎല്‍എ പിന്നീട് പ്രതികരിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് മാലിന്യ പ്രശ്നം തന്നെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മാസങ്ങളായി ഈ പ്രദേശത്ത് ഒരു ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നു എന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. വീടുകളിലെ കിണര്‍ വെള്ളമടക്കം മലിനമാകാന്‍ തുടങ്ങിയതോടെ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു.


