ഉംറ കഴിഞ്ഞ് മടങ്ങവേ വിമാനത്തിൽ ഹൃദയാഘാതം; അടിയന്തിര ലാൻഡിംഗ്, മലയാളി തീർഥാടകൻ റിയാദിൽ മരിച്ചു

റിയാദ്: ഉംറ തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി മലയാളി തീർഥാടകൻ മരിച്ചു. എറണാകുളം പെരുമ്പാവൂർ പള്ളിക്കവല മൗലൂദ് പുര  സ്വദേശി ബീരാസ് ഈരേത്ത്‌ അലിയാർ (55) ആണ് മരിച്ചത്. റിയാദിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് ആഴ്ചകൾക്ക് മുമ്പ് ബീരാസ് ഉംറ നിർവഹിക്കാനെത്തിയത്. ഉംറ കർമ്മങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായി വിമാനത്തിൽ കയറിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് വിമാനം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ അദ്ദേഹത്തെ റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

.
പെരുമ്പാവൂർ ചെമ്പാരത്ത് കുന്ന് മഹല്ലിൽ മദ്രസ്സ അധ്യാപകനായിരുന്നു അന്തരിച്ച ബീരാസ് ഈരേത്ത്‌ അലിയാർ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും വിദ്യാർത്ഥികളെയും ദുഃഖത്തിലാഴ്ത്തി.

പിതാവ്: അലിയാർ വീരാവു, മാതാവ്: സുലൈഖ, ഭാര്യ: ആരിഫ മീതിയൻ. മക്കൾ: സൂഫിയ, മുഹമ്മദ് യാസീൻ, മുഹമ്മദ് ഹദ്ദാദ്, ഇസ്മത്ത് ചിസ്‌തി, ഗരീബ് നവാസ്.

റിയാദിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം റിയാദിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കെ.എം.സി.സി എറണാകുളം ജില്ലാ പ്രവർത്തകരുടെയും പെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെയും നേതൃത്വത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

Share
error: Content is protected !!