വീഴ്ച സംഭവിച്ചു; ഉണ്ണികൃഷ്ണന്‍പോറ്റിക്ക് സ്വര്‍ണപ്പാളി കൊടുത്തുവിടാന്‍ പാടില്ലായിരുന്നു- ദേവസ്വം പ്രസിഡൻ്റ്

പത്തനംത്തിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2019-ല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാന്‍ പാടില്ലായിരുന്നുവെന്നും  പ്രശാന്ത് പറഞ്ഞു.
.
ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്ന് ദേവസ്വം ബോര്‍ഡിന് ധാരണയില്ല. അദ്ദേഹം തന്നെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. അതില്‍ സന്തോഷമുണ്ട്. ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണു.  സമഗ്രമായ അന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

സ്വര്‍ണപ്പാളി ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി താന്‍ സ്വന്തമായി എത്തിക്കാമെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം അധികൃതരെ അറിയിച്ചത്. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ കാലത്തുതന്നെ ദ്വാരപാലക ശില്പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ഇവ ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി ശബരിമലയിലേക്ക് എത്തിച്ചെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല.
.
എന്നാല്‍, 2019-ല്‍ താന്‍ നല്‍കിയ സ്വര്‍ണംപൂശിയ പീഠങ്ങള്‍ കാണാനില്ലെന്ന ആരോപണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തി. ആരോപണം വന്നതോടെ പ്രതിസ്ഥാനത്തായ ബോര്‍ഡ് സത്യം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ദേവസ്വം വിജിലന്‍സിന്റെ നേതൃത്വത്തില്‍ സന്നിധാനത്തെയും ആറന്മുളയിലെയും സ്‌ട്രോങ് റൂമുകള്‍ 10 ദിവസം അരിച്ചുപെറുക്കി.
.
മഹസറുകളിലെ ഓരോ സാധനവും സ്‌ട്രോങ് റൂമിലുണ്ടായിരുന്നു. പീഠങ്ങള്‍ മഹസറിലോ റൂമിലോ ഇല്ലാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് സംശയമുന നീണ്ടത്. വെഞ്ഞാറമ്മൂട്ടിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്ന് ദേവസ്വം വിജിലന്‍സ് അവ കണ്ടെത്തി. ആരോപണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂജാരിമാരെ സഹായിക്കാനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സന്നിധാനത്ത് എത്തിയത്. അതേസമയം, ബെംഗളൂരുവില്‍ ബ്ലേഡ് പലിശക്കാരനെന്ന നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അറിയപ്പെടുന്നതെന്ന സൂചന ലഭിച്ചു. ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് വായ്പനല്‍കി സാമ്പത്തികനേട്ടം ഉണ്ടാക്കിയാണ് തുടക്കമെന്ന് പോലീസിലെ രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്.

ശബരിമല ക്ഷേത്രവുമായി വലിയ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണാടകയിലെ ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ബെംഗളൂരു കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിട്ടാണ് തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകയിലെത്തിയത്. എട്ടു വര്‍ഷം മുന്‍പ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ സഹായികളായ പരികര്‍മികളില്‍ ഒരാളായിട്ടാണ് സന്നിധാനത്തെത്തിയത്. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവടങ്ങളില്‍നിന്നുള്ള ധനികരായ അയ്യപ്പന്മാരെ വിശ്വാസത്തിലെടുക്കുന്ന തന്ത്രം ഇങ്ങനെ സൃഷ്ടിച്ചെടുക്കുകയായിരുന്നു.
.
ശബരിമലയില്‍ വിലകൂടിയ സമര്‍പ്പണങ്ങള്‍ നടത്താനുള്ള ഇടനിലക്കാരനായി മാറിയതോടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്പോണ്‍സര്‍ എന്നപേരില്‍ ഇതര സംസ്ഥാനത്തുള്ളവര്‍ക്കിടയില്‍ അറിയപ്പെട്ടു തുടങ്ങി. ഇത്തരത്തില്‍  ധനികരില്‍നിന്ന് പണം സമാഹരിച്ചുള്ള ഒരു സ്പോണ്‍സര്‍ഷിപ്പായിരുന്നു ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശലെന്നും വിവരം കിട്ടിയിട്ടുണ്ട്.

സന്നിധാനത്ത് ഒരു ദിവസത്തെ അന്നദാനത്തിന്റെ ചെലവ് മുഴുവനായി വഹിക്കുന്ന തരത്തിലുള്ള സ്പോണ്‍സര്‍ഷിപ്പും ഉണ്ണികൃഷ്ണന്‍ പോറ്റി ഏറ്റെടുത്തിട്ടുണ്ട്. ഇതിന് ദേവസ്വത്തില്‍ അടയ്‌ക്കേണ്ട തുക ആറുലക്ഷം രൂപയാണ്. എന്നാല്‍, ഇതിന്റെ നാലും അഞ്ചും ഇരട്ടി തുകയാണ് ഇയാള്‍ സമാഹരിച്ചിരുന്നതെന്നാണ് വിവരം.

സാധുക്കളായവര്‍ക്ക് അയ്യപ്പഭക്തരുടെ സഹായത്താല്‍ വീടുവെച്ചു കൊടുക്കുന്ന പദ്ധതിയും ഉണ്ണികൃഷ്ണന്‍ പോറ്റി ഏറ്റെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കായംകുളം കണ്ണമ്പള്ളിയിലാണ് രണ്ട് നിര്‍ധനര്‍ക്ക് വീടുവെച്ചു കൊടുത്തത്. ബെംഗളൂരുവിലെ പേര് വെളിപ്പെടുത്താത്ത രണ്ട് അയ്യപ്പഭക്തരായിരുന്നു സാമ്പത്തികസഹായം നല്‍കിയത്. യു. പ്രതിഭ എംഎല്‍എ, ദേവസ്വം ബോര്‍ഡംഗം എ. അജികുമാര്‍ എന്നിവരാണ് താക്കോല്‍ദാനം നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും വേദിയിലുണ്ടായിരുന്നു.
.

Share
error: Content is protected !!