‘ധൈര്യമുണ്ടെങ്കിൽ ഇനിയൊന്ന് ഖത്തറിനെ തൊട്ടുനോക്ക്; അപ്പോൾ കാണാം’, മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്, പുതിയ ഉത്തരവിൽ ഒപ്പിട്ടു
ദോഹ: ഖത്തറിന്റെ സുരക്ഷയ്ക്കായി അസാധാരണ ഉത്തരവ് പുറപ്പെടുവിച്ച് യുഎസ്. ഖത്തറിനെ സുപ്രധാന സുരക്ഷാ പങ്കാളിയായി പ്രഖ്യാപിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഖത്തറിനെതിരെയുള്ള ആക്രമണം തങ്ങൾക്കെതിരെ കൂടിയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ്. ഖത്തറിന്റെ ഭൂപ്രദേശം, പരമാധികാരം, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കു മേലുള്ള സായുധ ആക്രമണം യുഎസിന്റെ കൂടി സുരക്ഷയ്ക്കും സമാധാനത്തിനും മേലുള്ള ഭീഷണിയായി കണക്കാക്കും എന്നാണ് ഉത്തരവിൽ പറയുന്നത്.
.
സൈനിക മേഖലയിൽ അടക്കം വർഷങ്ങളായി പരസ്പര സഹകരണമുള്ള രാജ്യങ്ങളാണ് യുഎസും ഖത്തറും. ആഗോള സംഘർഷങ്ങളിൽ മധ്യസ്ഥൻ എന്ന നിലയിൽ ഖത്തർ യുഎസുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. ഈ ചരിത്രം മാനിച്ചും, വിദേശത്തു നിന്നുള്ള ഭീഷണി കണക്കിലെടുത്തും ഖത്തറിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് യുഎസിന്റെ നയമാണ്. ഖത്തറിനെതിരെ ആക്രമണമുണ്ടാകുന്ന പക്ഷം, നയതന്ത്രം, സാമ്പത്തികം, ആവശ്യമെങ്കിൽ സൈനികമടക്കമുള്ള നിയമപരവും ഉചിതവുമായ നടപടികൾ യുഎസ് കൈക്കൊള്ളുമെന്നും ഉത്തരവിൽ വ്യക്തമാക്കി.
നാറ്റോ ഇതര സഖ്യകക്ഷിക്കു വേണ്ടി ആദ്യമായാണ് യുഎസ് ഇത്തരത്തിലൊരു എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ട്രംപിന്റെ ഇടപെടലിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ആക്രമണത്തിൽ മാപ്പു ചോദിച്ചിരുന്നു. ഇനിയൊരു ആക്രമണമുണ്ടാകില്ലെന്നും നെതന്യാഹു ഉറപ്പുനൽകിയിരുന്നു.
.
ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടതെന്നതാണ് ശ്രദ്ധേയം. ഖത്തറിനെതിരായ ആക്രമണം യുഎസിന് ഭീഷണിയാണെന്നും ഖത്തറിന്റെ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും ഭീഷണിയായി കണക്കാക്കുമെന്നും എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.
.
‘‘അത്തരമൊരു ആക്രമണം ഉണ്ടായാൽ, യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും അമേരിക്ക സ്വീകരിക്കും’’ – ട്രംപ് വ്യക്തമാക്കി. ഖത്തറിൽ യുഎസ് സൈന്യത്തിന് താവളം ഉണ്ട്. പകരമായി ഖത്തറിന്റെ സുരക്ഷയും യുഎസ് ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഇതിനെ മറികടന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തെ മറികടന്ന ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസം മാപ്പു ചോദിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്.
.
എക്സിക്യൂട്ടീവ് ഉത്തരവിലെ പ്രധാന നിർദേശങ്ങൾ
- ഖത്തറിന്റെ പ്രദേശത്തിനോ, പരമാധികാരത്തിനോ, നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും യുഎസിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി കണക്കാക്കും.
- അത്തരമൊരു ആക്രമണം ഉണ്ടായാൽ, യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും യുഎസ് സ്വീകരിക്കും.
- ഖത്തറിനെതിരായ ഏതൊരു വിദേശ ആക്രമണത്തിനും വേഗത്തിലുള്ളതും ഏകോപിതവുമായ പ്രതികരണം ഉറപ്പാക്കുന്നതിന്, സ്റ്റേറ്റ് സെക്രട്ടറിയുമായും നാഷണൽ ഇന്റലിജൻസ് ഡയറക്ടറുമായും ഏകോപിപ്പിച്ച് യുദ്ധ സെക്രട്ടറി, ഖത്തറുമായി സംയുക്ത പദ്ധതി നടത്തണം.
- സ്റ്റേറ്റ് സെക്രട്ടറി ഖത്തറിന് ഈ ഉറപ്പ് വീണ്ടും നൽകണം. തുടർന്ന് പരസ്പരം പിന്തുണ ഉറപ്പാക്കുന്നതിന് സഖ്യകക്ഷികളുമായും പങ്കാളികളുമായും ഏകോപനം നടത്തുകയും വേണം.


