എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ: വ്യാപക പ്രതിഷേധം; ഇരുട്ടടിയെന്ന് പ്രവാസികൾ, റദ്ധാക്കിയ സർവീസുകളുടെ പട്ടിക കാണാം
അബുദാബി: കേരളത്തിൽനിന്ന് ഗൾഫ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പിൻവലിച്ച നടപടിക്കെതിരെ പ്രവാസി ഇന്ത്യക്കാരുടെ വ്യാപക പ്രതിഷേധം. മുൻകാലങ്ങളിൽ ഒട്ടേറെ സമര പരിപാടികളിലൂടെ നേടിയെടുത്ത ബജറ്റ് എയർലൈൻ സേവനം വീണ്ടുവിചാരമില്ലാതെ നിർത്തലാക്കുന്നത് ധിക്കാരപരമായ നടപടിയാണെന്നും വിവിധ സംഘടനാ ഭാരവാഹികൾ പറഞ്ഞു.
.
വിമാന നിരക്കിൽ പൊറുതുമിട്ടിയിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് ഈ പിന്മാറ്റം. ഇതുമൂലം കേരള-ഗൾഫ് സെക്ടറുകളിലെ വിമാന ടിക്കറ്റ് ഉയരാനും ഇടയാക്കും. പ്രശ്നത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസി ഇന്ത്യക്കാരുടെ ആവശ്യം. ഒക്ടോബർ 26 മുതലുള്ള ശൈത്യകാല വിമാന സേവന പട്ടികയിലാണ് ഗൾഫ്-കേരള സെക്ടറുകളിൽ നിന്നുള്ള വിമാന സർവീസുകൾ അപ്രത്യക്ഷമായത്. ലാഭകരമായ ഗൾഫ് സെക്ടറുകളിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പിന്മാറ്റ വാർത്ത വന്നതിനു ശേഷം മിക്ക എയർലൈനുകളും ഇപ്പോൾ തന്നെ നിരക്ക് കൂട്ടിയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു.
.
ഗൾഫ്-കേരള സെക്ടറുകളിലെ സീറ്റിന്റെ കുറവാണ് നിരക്കു വർധനയ്ക്ക് അടിസ്ഥാനം. അതിനാൽ പ്രാദേശിക, വിദേശ വിമാന കമ്പനികൾക്ക് അധിക സീറ്റ് അനുവദിച്ച് പ്രശ്നം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണം. കൂടുതൽ വിദേശ വിമാന കമ്പനികൾക്കും ഈ സെക്ടറിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള മുഴുവൻ എംപിമാരും പ്രവാസി പ്രശ്നത്തിൽ ഒന്നിച്ചു പോരാടണമെന്നും പറഞ്ഞു.
എയർ ഇന്ത്യഎക്സ്പ്രസിന്റെ ഗൾഫ് സെക്ടറിലേക്കുള്ള കന്നി വിമാന സർവീസ് അബുദാബി നിവാസികൾ ആഘോഷമാക്കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത സർവീസിനെ പ്രവാസി മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കുന്നത് ഉൾപ്പെടെ തിക്താനുഭവങ്ങൾ ഒരുപാട് നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും സാധാരണ പ്രവാസികളുടെ ആശ്രയമായിരുന്ന ഈ ബജറ്റ് എയർലൈനിൽ തന്നെയാണ് മലയാളികൾ കൂടുതലായി യാത്ര ചെയ്തുവരുന്നത്.
.
ഈ പശ്ചാത്തലത്തിൽ സേവന പിന്മാറ്റം പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര തകിടം മറിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും അടിയന്തര ഇടപെടൽ നടത്തി സേവനം നിലനിർത്തണമെന്ന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ പറഞ്ഞു. പൊതുപ്രശ്ന പരിഹാരത്തിന് പ്രവാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു.
വിമാന സർവീസുകൾ വെട്ടിക്കുറച്ച നടപടി പ്രവാസി സമൂഹത്തിന് ഗുരുതരമായ തിരിച്ചടിയാണെന്ന് കേരള സോഷ്യൽ സെൻറർ പ്രസിഡന്റ് ടി.കെ.മനോജും ജനറൽ സെക്രട്ടറി സജീഷ് നായരും പറഞ്ഞു. സാധാരണ പ്രവാസികൾക്ക് പ്രത്യേകിച്ച് ലേബർ ക്യാംപിലെ ജീവനക്കാർക്ക് ചെലവ്കുറഞ്ഞ യാത്ര സാധ്യമാകുന്ന എയർഇന്ത്യ എക്സ്പ്രസ് സേവനം ഒരു തണലായിരുന്നു.
.
താരതമ്യേന കുറഞ്ഞ നിരക്കായതിനാൽ ഇടത്തരക്കാരും മറ്റും കൂടുതലായി ആശ്രയിച്ചിരുന്നതും ഈ വിമാന സർവീസിനെ. സീസണിൽ ആനുപാതിക നിരക്ക് ഉയരുമെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്താൽ താങ്ങാവുന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സേവനം ഇല്ലാതാകുന്നത് വലിയ നഷ്ടമാണെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ പറഞ്ഞു. സ്വകാര്യവൽക്കരണത്തിനു ശേഷം പ്രവാസികൾക്കുണ്ടായിരുന്ന ആനുകൂല്യം ഒന്നൊന്നായി വെട്ടിക്കുറച്ച എയർലൈന്റെ നടപടി അന്യായമാണെന്ന് സർക്കാർ ജനറൽ സെക്രട്ടറി ടി.വി.സുരേഷ്കുമാർ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിച്ചതിനു ശേഷമുള്ള പരിഷ്ക്കാരമാണ് ഇത്തരം ധിക്കാരപരമായ നടപടിയിലേക്കു എയർ ഇന്ത്യ എക്സ്പ്രസിനെ നയിച്ചത്. പലപ്പോഴും വിമാനം റദ്ദാക്കലും വൈകലും ഉണ്ടെങ്കിൽ പോലും സാധാരണക്കാരുടെ ആശ്രമായിരുന്നു. ഈ സർവീസ് റദ്ദാക്കുന്നതിലൂടെ യാത്രാക്ലേശം വർധിക്കും.
സേവനം നിലനിർത്തുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നും സത്വര ഇടപെടലുകൾ ഉണ്ടാകണമെന്ന് ലോക കേരള സഭാംഗം (യുവകലാസാഹിതി അബുദാബി) റോയ് ഐ വർഗീസ് പറഞ്ഞു.പ്രവാസികളുടെ യാത്രാ സ്വപ്നങ്ങളെ തകർക്കുക മാത്രമല്ല ഭീമമായ നിരക്കു വർധനയ്ക്കും ഇതിടയാക്കുമെന്ന് ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം.അൻസാർ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് സ്വന്തമായി ദേശീയ എയർലൈൻ ഇല്ലെന്നത് ഖേദകരം. 2005 ഏപ്രിൽ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അബുദാബിയിൽ ഉദ്ഘാടനം ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് പ്രവാസികൾക്ക് അനുഗ്രഹമായിരുന്നു. ആ സേവനം നിലനിർത്താൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
.
റദ്ദാക്കിയ സർവീസുകൾ: അബുദാബി ∙ എയർ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല വിമാന സമയ പട്ടിക അനുസരിച്ച് ഒക്ടോബർ അവസാന വാരം മുതൽ നിർത്തലാക്കിയ സർവീസുകൾ ഇവയാണ്.
.
കോഴിക്കോട്
കോഴിക്കോട്-അബുദാബി ആഴ്ചയിൽ 7 സർവീസ് നാലാക്കി.
കോഴിക്കോട്-ഷാർജ ആഴ്ചയിൽ 9 സർവീസ് 6 ആക്കി
കോഴിക്കോട്-റാസൽഖൈമ 7ൽനിന്ന് നാലായി കുറച്ചു.
കോഴിക്കോട്-മസ്കറ്റ് 7ൽനിന്ന് മൂന്നാക്കി.
കോഴിക്കോട്-കുവൈത്ത് സർവീസ് നിർത്തലാക്കും.
കോഴിക്കോട്-ദമാം ആഴ്ചയിൽ 7 സർവീസ് 3 ആക്കി.
.
കൊച്ചി
കൊച്ചി-അബുദാബി 7ൽനിന്ന് നാലാക്കി.
കൊച്ചി-ദുബായ് 7ൽനിന്ന് ആറാക്കി.
കൊച്ചി-സലാല, കൊച്ചി-റിയാദ് സർവീസ് നിർത്തലാക്കി.
കൊച്ചി-മനാമ നാലിൽ നിന്ന് രണ്ടായി
കൊച്ചി-സലാല സർവീസ് റദ്ദാക്കി
തിരുവനന്തപുരം
തിരുവനന്തപുരം-അബുദാബി സർവീസ് റദ്ദാക്കും
തിരുവനന്തപുരം-ദുബായ് സർവീസ് റദ്ദാക്കും
തിരുവനന്തപുരം-ഷാർജ 7ൽനിന്ന് 5 ആക്കി.
തിരുവനന്തപുരം-മസ്കറ്റ് സർവീസ് നാലാക്കി
തിരുവനന്തപുരം-ദോഹ നാലിൽ നിന്ന് രണ്ടാക്കി.
തിരുവനന്തപുരം-മനാമ ഒരു സർവീസ് കുറച്ചു
തിരുവനന്തപുരം-റിയാദ് ഒരു സർവീസ് മാത്രമാകും
.
കണ്ണൂർ
കണ്ണൂർ-അബുദാബി 10ൽനിന്ന് 7 ആക്കി.
കണ്ണൂർ-ദുബായ് 8ൽനിന്ന് 7 ആകും.
കണ്ണൂർ-ഷാർജ 12ൽനിന്ന് 7 ആകും.
കണ്ണൂർ-റാസൽഖൈമ 3ൽനിന്ന് രണ്ടാകും.
കണ്ണൂർ-മസ്കറ്റ് 7ൽനിന്ന് നാലാക്കി.
കണ്ണൂർ-ബഹ്റൈൻ റദ്ദാക്കി
കണ്ണൂർ-ജിദ്ദ റദ്ദാക്കി
കണ്ണൂർ-ദമാം റദ്ദാക്കി
കണ്ണൂർ-കുവൈത്ത് റദ്ദാക്കി.


