സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാം, നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടിക കാണാം; ക്ലിയറൻസ് പെർമിറ്റ് നവംബർ ഒന്നു മുതൽ നിർബന്ധം

റിയാദ്: സൗദി അറേബ്യയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നതിന് നവംബർ ഒന്നു മുതൽ കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. മാനസികാവസ്ഥയെ ബാധിക്കുന്ന സൈക്കോട്രോപിക് അല്ലെങ്കിൽ നാർക്കോട്ടിക് പദാർത്ഥങ്ങൾ അടങ്ങിയ മരുന്നുകൾക്ക് പ്രത്യേക ക്ലിയറൻസ് പെർമിറ്റ് നിർബന്ധമാക്കും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിശ്ചയിച്ച പ്രത്യേക മരുന്നുകൾക്ക് മാത്രമാണ് ഈ നിയന്ത്രണം ബാധകമാകുക. നവംബർ ഒന്നു മുതൽ ഇത്തരം മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്നവർ പ്രത്യേക ക്ലിയറൻസ് പെർമിറ്റ് നേടേണ്ടതാണ്. എന്നാൽ മറ്റു മരുന്നുകൾക്ക് ഈ നിയമം ബാധകമല്ല.

സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ആണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. ക്ലിയറൻസ് പെർമിറ്റ് ലഭിക്കുന്നതിന് മരുന്നിന്റെ പേര്, രാസനാമം, രോഗിയുടെ വിവരങ്ങൾ, ഡോക്ടറുടെ സർട്ടിഫിക്കറ്റ്, പ്രിസ്‌ക്രിപ്ഷൻ, മരുന്നിന്റെ അളവ് തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കണം. എസ്.എഫ്.ഡി.എയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഈ മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂ.

രോഗികൾക്ക് സുരക്ഷ ഉറപ്പാക്കുകയും അനധികൃത മരുന്ന് കടത്ത് തടയുക എന്നതും പുതിയ നീക്കത്തിന്റെ ലക്ഷ്യമാണ്. ഗാക്കയുടെ (ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ) സർക്കുലർ പ്രകാരം, രാജ്യത്തേക്ക് വരുന്ന യാത്രക്കാരോ അവർക്കുവേണ്ടി മരുന്ന് കൊണ്ടുവരുന്നവരോ ഈ അനുമതി നിർബന്ധമായും നേടിയിരിക്കണം. സിവിൽ വ്യോമയാന നിയമങ്ങളുമായി ബന്ധിപ്പിച്ചാണ് ഈ നടപടി.

എങ്ങനെ അനുമതി നേടാം?

നിയന്ത്രിത മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരാൻ, യാത്രക്കാർ ‘കൺട്രോൾഡ് ഡ്രഗ് സിസ്റ്റം’ (CDS) എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി അപേക്ഷിക്കണം.

  • വെബ്സൈറ്റ്: cds.sfda.gov.sa
  • ചെയ്യേണ്ടത്: വെബ്സൈറ്റിൽ ഒരു വ്യക്തിഗത അക്കൗണ്ട് സൃഷ്ടിച്ച് അപേക്ഷ സമർപ്പിക്കണം.
  • ആവശ്യമുള്ള രേഖകൾ: മരുന്നിന്റെ പേര്, രാസനാമം, രോഗിയുടെ വിവരങ്ങൾ, ഡോക്ടറുടെ കുറിപ്പടി (പ്രിസ്‌ക്രിപ്ഷൻ), മെഡിക്കൽ റിപ്പോർട്ട്, മരുന്നിന്റെ അളവ്, യാത്രാ വിവരങ്ങൾ, തിരിച്ചറിയൽ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യണം.

എസ്.എഫ്.ഡി.എയുടെ അനുമതി ലഭിച്ചാൽ അതിന്റെ പ്രിന്റ്ഔട്ട് സഹിതം മരുന്ന് കൈവശം വെച്ച് യാത്ര ചെയ്യാം. വ്യക്തിഗത ഉപയോഗത്തിനോ മറ്റൊരാൾക്ക് വേണ്ടിയോ മരുന്നുകൾ കൊണ്ടുവരുന്നവർക്ക് ഈ നിയമം ബാധകമാണ്.

നിയന്ത്രിത മരുന്നുകൾ ഏതൊക്കെ, അനുവദനീയമായ അളവുകൾ എത്രയാണ് തുടങ്ങിയ വിവരങ്ങൾ cds.sfda.gov.sa എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ താഴെയുള്ള ലിങ്ക് വഴിയും ഈ വിവരങ്ങൾ അറിയാം.

യാത്രക്കാർ ക്ലിയറൻസ് പെർമിറ്റ് നേടിയിട്ടുണ്ടെന്ന് യാത്രക്ക് മുമ്പ് തന്നെ വിമാന കമ്പനികൾ ഉറപ്പാക്കണമെന്നും ഗാക്ക നിർദേശം നൽകിയിട്ടുണ്ട്. നവംബർ ഒന്നു മുതൽ ഈ നിയമം കർശനമായി നടപ്പാക്കും.

നിയന്ത്രിത മരുന്നുകൾ ഏതൊക്കെ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!