ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി: കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കുന്നു, കരിപ്പൂരിൽ നിന്ന് മാത്രം 25 ഓളം സർവീസുകൾ ഇല്ലാതാകും

കോഴിക്കോട്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഗണ്യമായി വെട്ടിക്കുറയ്ക്കുന്നു. ഒക്ടോബർ അവസാന വാരം പ്രാബല്യത്തിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിലാണ് ഈ വലിയ മാറ്റങ്ങൾ. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നായി ഏകദേശം 75 ഓളം സർവീസുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഒഴിവാക്കിയേക്കും. ഇത് ഗൾഫ് യാത്രക്കാർക്ക് കനത്ത തിരിച്ചടിയാകാനും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

കരിപ്പൂരിൽ നിന്ന് മാത്രം 25 ഗൾഫ് സർവീസുകളാണ് കുറയുന്നത്. ജിദ്ദയിലേക്കുള്ള സർവീസ് ആഴ്ചയിൽ ആറ് ദിവസമായി തുടരും. അതേസമയം ദമ്മാമിലേക്കുള്ള സർവീസുകൾ ആഴ്ചയിൽ മൂന്ന് ദിവസമായി കുറയും. അബൂദബിയിലേക്ക് ആഴ്ചയിൽ നാല് ദിവസവും മസ്‌കറ്റിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസവും മാത്രമാകും ഇനി സർവീസ് ഉണ്ടാവുക. കുവൈത്ത് സർവീസ് ഇതിനോടകം തന്നെ കരിപ്പൂരിൽ നിന്ന് അവസാനിപ്പിച്ചു.

മറ്റു പ്രധാന വിമാനത്താവളങ്ങളിലെ മാറ്റങ്ങൾ:

  • കൊച്ചി: ബഹ്റൈനിലേക്കുള്ള സർവീസ് ആഴ്ചയിൽ രണ്ടായി കുറയും. അബുദാബി സർവീസുകൾ ആഴ്ചയിൽ നാല് ദിവസമാകും.
  • തിരുവനന്തപുരം: ദുബായിലേക്കും അബൂദബിയിലേക്കുമുള്ള സർവീസുകൾ പൂർണ്ണമായും നിർത്തലാക്കും.
  • കണ്ണൂർ: ബഹ്റൈൻ, ജിദ്ദ, ദമ്മാം, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും ഇല്ലാതാകും. വടക്കൻ കേരളത്തിലുള്ളവർക്ക് ഇനി കുവൈത്തിലേക്ക് പോകണമെങ്കിൽ മംഗളൂരു, കൊച്ചി വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരും.

ദമ്മാം – കണ്ണൂർ റൂട്ടിലെ പ്രതിസന്ധി രൂക്ഷം:

കണ്ണൂരിൽ നിന്ന് സൗദിയിലെ ദമ്മാം സെക്ടറിലെ എല്ലാ സർവീസുകളും നിർത്തിയത് പ്രതിസന്ധി രൂക്ഷമാക്കി. ഒന്നര വർഷമായി സർവീസ് നടത്തി വന്ന എയർ ഇന്ത്യ എക്‌സ്‌പ്രസും കഴിഞ്ഞ മാസം ആരംഭിച്ച ഇൻഡിഗോയും സർവീസുകൾ അവസാനിപ്പിച്ചു. നിലവിൽ ദമ്മാമിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള സർവീസുകളില്ല.

വാണിജ്യപരമായ കാരണങ്ങളാണ് സർവീസുകൾ വെട്ടിച്ചുരുക്കാൻ കാരണമെന്നാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് അനൗദ്യോഗികമായി നൽകുന്ന വിശദീകരണം. ഈ തീരുമാനം ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നതിനും, വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് കൂടുന്നതിനും ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്.

Share
error: Content is protected !!