ഹോംവര്‍ക്ക് ചെയതില്ല, രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസ്
ന്യൂഡല്‍ഹി: ഹരിയാണയിലെ പാനിപ്പത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നടന്ന കുട്ടികള്‍ക്കെതിരെയുള്ള ക്രൂരപീഡനം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനാണ് വഴിെച്ചത്. ജാട്ടല്‍ റോഡിലുള്ള ഒരു സ്‌കൂളിലെ ജീവനക്കാര്‍ കൊച്ചുകുട്ടികളോട് ക്രൂരമായി പെരുമാറുന്നതിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന രണ്ട് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
.
ഹോംവര്‍ക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ഡ്രൈവര്‍ കയറുകൊണ്ട് കെട്ടി ജനലില്‍ തലകീഴായി തൂക്കിയിട്ട് മര്‍ദ്ദിക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് പരാതിയുമായി രംഗത്തെത്തി. തന്റെ ഏഴുവയസ്സുകാരനായ മകനെ അടുത്തിടെയാണ് ഈ സ്‌കൂളില്‍ ചേര്‍ത്തതെന്ന് മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ ഡോളി പറഞ്ഞു.
.
കുട്ടിയെ ശിക്ഷിക്കാന്‍ ഡ്രൈവര്‍ അജയിയെ പ്രിന്‍സിപ്പല്‍ റീന വിളിച്ചുവരുത്തിയാണെന്നും അവര്‍ ആരോപിച്ചു. അജയ് തന്നെ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്കയച്ച വീഡിയോ പിന്നീട് കുടുംബത്തിന് മുമ്പാകെ എത്തിയതായാണ് വിവരം.
പ്രിന്‍സിപ്പല്‍ റീന വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് കുട്ടികളെ തുടരെ മുഖത്തടിക്കുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കുട്ടികള്‍ രണ്ട് സഹോദരിമാരോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിനുമുമ്പ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും അവകാശപ്പെട്ടുകൊണ്ട് റീന പിന്നീട് തന്റെ പ്രവൃത്തികളെ ന്യായീകരിച്ചു.
.
ഈ സ്‌കൂളില്‍ ശിക്ഷയായി കുട്ടികളെകൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
പുറത്ത് വന്ന സംഭവങ്ങളില്‍ പോലീസ് പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഓഗസ്റ്റ് 13-ന് ഡ്രൈവര്‍ അജയിയോട് കുട്ടിയെ ശകാരിക്കാന്‍ പറഞ്ഞിരുന്നതായി പ്രിന്‍സിപ്പല്‍ റീന സമ്മതിച്ചു.
എന്നാല്‍ ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പരാതികള്‍ കാരണം ഓഗസ്റ്റില്‍ തന്നെ ഇയാളെ പിരിച്ചുവിട്ടതായും അവര്‍ പറഞ്ഞു. അതേസമയം വീഡിയോ പുറത്തുവന്നതിന് ശേഷം അജയ് ആളുകളെ വീട്ടിലേക്ക് അയച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പരാതിക്കാര്‍ പറയുന്നു.


