ഗസ്സയിൽ പ്രത്യേകമായ ഒരുകാര്യം വരാനിരിക്കുന്നുവെന്ന് ട്രംപ്, മിഡില്‍ ഈസ്റ്റിലും ചിലത് സംഭവിക്കും; ‘ചര്‍ച്ച നടക്കുന്നുണ്ട്, പക്ഷേ…’ പ്രതികരിച്ച് നെതന്യാഹു
വാഷിങ്ടണ്‍: ഗാസയുടെ കാര്യത്തില്‍ ‘പ്രത്യേകമായി എന്തോ’ വരാനുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയിലെ വെടിനിര്‍ത്തല്‍, യുദ്ധാനന്തര പദ്ധതി എന്നിവ സംബന്ധിച്ച് ബെഞ്ചമിന്‍ നെതന്യാഹുവിന് യുഎസ് നിലപാടുകളില്‍ വിയോജിപ്പുണ്ടെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
അതേസമയം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഡൊണാള്‍ഡ് ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ട്രംപ് പങ്കുവെച്ച അത്ര ശുഭാപ്തി വിശ്വാസം നെതന്യാഹു പ്രകടിപ്പിച്ചില്ല.
.
‘ഞങ്ങള്‍ അതിനായി പ്രവര്‍ത്തിക്കുന്നു. പക്ഷേ ഒന്നും അന്തിമമായിട്ടില്ല. ട്രംപിന്റെ ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്’ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹു പ്രതികരിച്ചു. അതീവ നിര്‍ണ്ണായകമായ ഒരു ചര്‍ച്ചയ്ക്കായി ഇരു നേതാക്കളും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു സമഗ്രമായ പദ്ധതിയാണ് ട്രംപ് ഭരണകൂടം തയ്യാറാക്കി വരുന്നത്.
‘മിഡില്‍ ഈസ്റ്റില്‍ ഒരു മഹത്തായ നേട്ടത്തിന് ഞങ്ങള്‍ക്ക് ഒരു അവസരമുണ്ട്, സവിശേഷമായ ഒരു കാര്യത്തിനായി എല്ലാവരും ഒരുങ്ങിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ്, ഞങ്ങളത് ചെയ്തിരിക്കും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇതിന് പിന്നാലെയാണ് നെതന്യാഹു പ്രതികരണം നടത്തിയത്. ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും പദ്ധതിക്ക് അന്തിമരൂപമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
.
അതേസമയം വെടിനിര്‍ത്തലിനായി പുതിയ നിര്‍ദ്ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചു. ‘മധ്യസ്ഥരില്‍ നിന്ന് ലഭിക്കുന്ന ഏത് നിര്‍ദ്ദേശങ്ങളും ക്രിയാത്മകമായും ഉത്തരവാദിത്തത്തോടെയും പരിശോധിക്കാന്‍ തയ്യാറാണ്, അതേസമയം ഞങ്ങളുടെ ജനതയുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും’ ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.
വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായും മരുമകന്‍ ജരെഡ് കുഷ്നറുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ ട്രംപ് ഐക്യരാഷ്ട്രസഭയില്‍ അറബ് രാജ്യങ്ങള്‍ക്ക് മുന്നില്‍ വെടിനിര്‍ത്തലും യുദ്ധാനന്തര പദ്ധതിയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


