ട്രോഫിയും മെഡലുകളുമായി നഖ്‌വി സ്റ്റേഡിയം വിട്ടു; ഇങ്ങനെയൊന്ന് കണ്ടിട്ടേയില്ലെന്ന് സൂര്യകുമാർ; മത്സരശേഷം സംഭവിച്ചത്

ദുബായ്: വിവാദങ്ങള്‍ക്കിടെയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാകപ്പ് കലാശപ്പോരില്‍ ഏറ്റുമുട്ടിയത്. ഹസ്തദാന വിവാദവും പാക് താരങ്ങളുടെ ആംഗ്യപ്രകടനമുണ്ടാക്കിയ കോലാഹലങ്ങളും നിലനില്‍ക്കേയായിരുന്നു പോരാട്ടം. ഐസിസി വരെ വിഷയത്തില്‍ ഇടപെട്ടു. കലാശപ്പോരിലാകട്ടെ കടുത്ത മത്സരത്തിനൊടുക്കം അഞ്ചുവിക്കറ്റിന് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തുകയും ഒന്‍പതാം ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിടുകയും ചെയ്തു. മത്സരശേഷം നാടകീയമായ രംഗങ്ങള്‍ക്കാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പിസിബി മേധാവിയുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. അതോടെ സ്‌റ്റേഡിയം അസാധാരണ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

റിങ്കു സിങ് ഇന്ത്യയുടെ വിജയ റണ്‍ കുറിച്ചതിന് പിന്നാലെ സ്റ്റേഡിയം ആരവങ്ങളില്‍ മുഴുകി. ഇന്ത്യന്‍ ക്യാമ്പില്‍ ആഘോഷവും തുടങ്ങി. പാക് താരങ്ങള്‍ നിരാശയോടെ മൈതാനത്തുനിന്ന് മടങ്ങുകയും ചെയ്തു. മത്സരശേഷം ഇരുടീമുകളും ഹസ്തദാനം ചെയ്തില്ല. ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ പാക് ടീമാകട്ടെ അവിടെ തുടര്‍ന്നു. ടീമംഗങ്ങള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ഇത് സമ്മാനദാനച്ചടങ്ങ് വൈകിച്ചു. ഏകദേശം ഒരു മണിക്കൂര്‍ വൈകിയാണ് പാകിസ്താന്‍ ടീം ചടങ്ങിനെത്തിയത്. പാക് താരങ്ങള്‍ക്കുനേരെ ഗാലറിയില്‍ നിന്ന് കൂക്കിവിളികളുയര്‍ന്നു.

.

റണ്ണേഴ്‌സ് അപ്പ് മെഡല്‍ സ്വീകരിക്കാനായാണ് പാക് ടീമെത്തിയത്. നഖ്‌വിയില്‍ നിന്ന് മെഡലുകള്‍ സ്വീകരിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും അതുണ്ടായില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുള്‍ ഇസ്ലാമാണ് മെഡലുകള്‍ നല്‍കിയത്. പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗ നഖ്‌വിയിൽ നിന്ന് റണ്ണേഴ്‌സ് അപ്പ് ചെക്ക് സ്വീകരിച്ചതോടെയാണ് ചടങ്ങ് അവസാനിച്ചത്.

ഇന്ത്യന്‍ ടീമാകട്ടെ പിസിബി മേധാവിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു. സമ്മാനദാനച്ചടങ്ങിൽ വ്യക്തിഗത പുരസ്‌കാരങ്ങൾ മാത്രമാണ് ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചത്. അത് നഖ്‌വിയായിരുന്നില്ല വിതരണം ചെയ്തത്. സമ്മാനദാനച്ചടങ്ങിൽ കുൽദീപ് യാദവ്, അഭിഷേക് ശർമ്മ, തിലക് വർമ്മ എന്നിവരാണ് തങ്ങളുടെ വ്യക്തിഗത പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. ഇന്ത്യ കിരീടം വാങ്ങുന്നില്ലെന്ന് അറിയിച്ചതായി അവതാരകനായ സൈമൺ ഡൂൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.

പിന്നാലെ നഖ്‌വിയടക്കമുള്ള എസിസി അധികൃതർ വേദിയിൽ നിന്ന് മടങ്ങി. ഏഷ്യാകപ്പ് ട്രോഫിയും മെഡലുകളുമായും നഖ്‌വി സ്റ്റേഡിയം വിട്ടതായാണ് റിപ്പോർട്ട്. ചടങ്ങിന് ശേഷമുള്ള പത്രസമ്മേളനത്തിൽ, ഇതുപോലൊന്ന് താൻ കണ്ടിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. നഖ്‌വിക്കെതിരേ ബിസിസിഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കിരീടവും മെഡലും സ്വീകരിക്കാതെയായിരുന്നു ഇന്ത്യൻ താരങ്ങൾ വിജയം ആഘോഷിച്ചത്.

“ഞാൻ ക്രിക്കറ്റ് കളിക്കാനും പിന്തുടരാനും തുടങ്ങിയതിന് ശേഷം ഇങ്ങനെയൊന്ന് കണ്ടിട്ടേയില്ല. ഒരു ചാമ്പ്യൻ ടീമിന്, അതും കഠിനാധ്വാനം ചെയ്ത് നേടിയ ഒരു ട്രോഫി നിഷേധിക്കപ്പെടുന്നത്. ഞങ്ങൾ അത് അർഹിച്ചിരുന്നു. എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല, പറയേണ്ടതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു. ട്രോഫികളെക്കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നതെങ്കിൽ, എൻ്റെ ട്രോഫികൾ ഡ്രസ്സിങ് റൂമിലുണ്ട്. എന്നോടൊപ്പമുള്ള 14 സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും, അവരാണ് ഈ ഏഷ്യാ കപ്പ് യാത്രയിലെ എൻ്റെ യഥാർഥ ട്രോഫികൾ. – സൂര്യകുമാർ പറഞ്ഞു. (മാതൃഭൂമി)

Share
error: Content is protected !!