വ്യാജസ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് 9 ലക്ഷം തട്ടിയശേഷം ‘പുഴയില്‍ച്ചാടി മരിച്ചു’; യുവതി 3 വർഷത്തിന് ശേഷം തൃശ്ശൂരിൽ പിടിയില്‍
രാമനാട്ടുകര: വ്യാജസ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് 9.1 ലക്ഷം തട്ടിയെടുക്കുകയും, തുടര്‍ന്ന് പുഴയില്‍ച്ചാടി മരിച്ചെന്നുവരുത്തിത്തീര്‍ത്ത് ഒളിവില്‍പ്പോവുകയുംചെയ്ത യുവതിയെ 3 വര്‍ഷത്തിനുശേഷം ഫറോക്ക് പോലീസും കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡുംചേര്‍ന്ന് പിടികൂടി. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി മാതൃപ്പിള്ളി വീട്ടില്‍ വര്‍ഷ(30)യെയാണ് തൃശ്ശൂരില്‍വെച്ച് കസ്റ്റഡിയിലെടുത്തത്.
.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. വര്‍ഷ വാടകയ്ക്കുതാമസിച്ചിരുന്ന ഫറോക്ക് 8/3ലെ വാഴക്കപ്പൊറ്റ വീട്ടില്‍ ‘മരിക്കാന്‍ പോകുന്നു’ എന്ന് കത്തെഴുതിവെച്ച് 2022 നവംബര്‍ 11-നാണ് യുവതി സ്‌കൂട്ടറില്‍ പോയത്. തുടര്‍ന്ന് യുവതിയുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വര്‍ഷ ഓടിച്ചുപോയ സ്‌കൂട്ടര്‍ അറപ്പുഴ പാലത്തിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. ഇതോടെ യുവതി പുഴയില്‍ച്ചാടി മരിച്ചിരിക്കാമെന്ന ധാരണപരന്നു. യുവതി ഫോണും സിമ്മും ഉപേക്ഷിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ അന്വേഷണം എങ്ങുമെത്താതെ നിലച്ചു.
.
പിന്നീട് യുവതി ജീവിച്ചിരിപ്പുണ്ടെന്നും, ഇന്റര്‍നെറ്റ് കോളുകള്‍വഴി വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്ന് തൃശ്ശൂരിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്ന യുവതിയെ അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
.
ഒളിവില്‍പ്പോകുന്നതിനുമുന്‍പ് വര്‍ഷ സാമ്പത്തികത്തട്ടിപ്പുനടത്തിയിരുന്നതായി പോലീസ് പറയുന്നു. 2022 നവംബര്‍ ഒന്‍പത്, 10 തീയതികളിലായി ഫറോക്ക് സൗഭാഗ്യ ഫിനാന്‍സിയേഴ്‌സില്‍ 226.5 ഗ്രാം വ്യാജസ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് 9.1 ലക്ഷം കൈക്കലാക്കി. ഒട്ടേറെ സ്വകാര്യവ്യക്തികളില്‍നിന്ന് ഇവര്‍ പണം കടംവാങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ, ജിനേഷ് ചൂലൂര്‍, രാകേഷ് ചൈതന്യം, ഫറോക്ക് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അനൂപ്, സിപിഒമാരായ പ്രജിഷ, സനൂപ്, കോഴിക്കോട് സിറ്റി സൈബര്‍ സെല്‍ സേനാംഗങ്ങളായ സുജിത്ത് മാവൂര്‍, ഷെഫിന്‍ സ്‌കറിയ എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.


