തമിഴ്‌നാടിൻ്റെ രക്ഷകനായി വന്നു, കരൂരിൽ നിന്ന് രക്ഷയില്ലാതെ കടന്ന് വിജയ്; കാത്തിരിക്കുന്നത് വൻ നിയമക്കുരുക്ക്

കരൂർ: തമിഴ്നാട് ഭരണം 2026ൽ പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ വിജയ്‍യാണ് ടിവികെ കരൂർ റാലി ദുരന്തത്തിന് പിന്നാലെ വൻ നിയമക്കുരുക്കിലേക്ക് വീഴുന്നത്. കോടതിയെ പോലും ധിക്കരിച്ച് നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തിനിടയിലേക്ക് പ‌ഞ്ച് ഡയലോഗുകളുമായി ഇറങ്ങിയ വിജയ്‌യുടെ മാസ് പരിവേഷം കരൂരിൽ തകർന്നുവീണു. 39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേർക്ക് പരിക്കേൽക്കാനും കാരണമായ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ ചെന്നൈക്ക് മടങ്ങിയ താരത്തിനെതിരെ വിമർശനം ശക്തമാവുകയാണ്.

അപകടത്തിന് പിന്നാലെ അതിവേഗം വേദി വിട്ട വിജയ്, തിരുച്ചിറപ്പള്ളിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലെ വീട്ടിലെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെ എക്സിൽ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തി. ഹൃദയം തകർന്നിരിക്കുകയാണെന്നാണ് ആദ്യ പ്രതികരണം. വിജയിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ടിവികെയ്ക്ക് എന്ന് ഡിഎംകെ നേതാക്കൾ കുറ്റപ്പെടുത്തുന്നു. വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചെന്നൈയിൽ വിജയ്‌യുടെ വീടിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

തമിഴ്നാടിനെ നയിക്കാൻ ഇതാ വരുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ്, ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിവന്നത്. ബിഗ് സ്‌ക്രീനിലെ സൂപ്പർ താരത്തെ കാണാൻ രാഷ്ട്രീയം മറന്ന് എല്ലായിടത്തും ആളുകൂടി. സിനിമ സെറ്റുകളെ വെല്ലുന്ന വേദികളൊരുക്കി വിജയ് റാംപിലൂടെ ജനക്കൂട്ടത്തിന് നടുവിലേക്ക് നടന്നു. കൃത്യമായ സംഘാടനമില്ലെന്ന് ആദ്യ റാലി മുതൽ തന്നെ വിജയും സംഘവും തെളിയിച്ചു. മണിക്കൂറുകൾ നീണ്ട ഗതാഗത തടസവും ആൾക്കൂട്ടവും കാരണം ആദ്യ റാലി തന്നെ അലങ്കോലപ്പെട്ടു. താരത്തെ കണ്ട് മതിമറന്ന് റാംപിലേക്ക് കുതിച്ചവരെ അംഗരക്ഷകർ പിടിച്ചെറി‌ഞ്ഞു.

Share
error: Content is protected !!