വായില്‍ കല്ലുനിറച്ച് ചുണ്ടുകള്‍ ഒട്ടിച്ചനിലയില്‍ നവജാതശിശുവിനെ വനത്തിൽ ഉപേക്ഷിച്ചു; അമ്മയും മുത്തച്ഛനും പിടിയില്‍
ഭില്‍വാര (രാജസ്ഥാന്‍): രാജസ്ഥാനിലെ ഭില്‍വാരയില്‍ വനപ്രദേശത്ത് നവജാതശിശുവിനെ വായില്‍ കല്ലുകള്‍നിറച്ച് ചുണ്ടുകള്‍ കൂട്ടിയൊട്ടിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും മുത്തച്ഛനും അറസ്റ്റില്‍. അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയായതിനാലാണ് കുഞ്ഞിനോട് ഇവര്‍ ഈ ക്രൂരത കാട്ടിയതെന്ന് പോലീസ് പറഞ്ഞു.
സമുദായ വിലക്ക് ഭയന്ന് രാജസ്ഥാനിലെ ബുണ്ടിയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചാണ് പ്രസവം നടത്തിയത്. കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും നടക്കാത്തതിനെ തുടര്‍ന്ന് വനപ്രദേശത്ത് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
.
അമ്മയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു യുവാവുമായുള്ള ബന്ധത്തിലാണ് കുഞ്ഞുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. യുവതിയുടേത് തന്നെയാണ് കുട്ടിയെന്നുറപ്പാക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തുമ്പോള്‍ കുഞ്ഞിന് 19 ദിവസം മാത്രമായിരുന്നു പ്രായം.
പ്രദേശത്ത് കാലിമേയ്ക്കാന്‍ വന്നയാളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ഉടന്‍തന്നെ ഇയാളെ പോലീസിനെയും ഗ്രാമവാസികളെയും വിവരമറിയിച്ചു. പോലീസ് രക്ഷപ്പെടുത്തിയ കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ കുഞ്ഞിന് ഓക്‌സിജന്‍ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
.


