പ്രവാസികളുടെ ആശ്രിതർക്ക് കൂടുതൽ മേഖലയിൽ ജോലി ചെയ്യാനാകും; ലെവി പ്രവാസികൾക്ക് തുല്യമാക്കും
റിയാദ്: രാജ്യത്തെ സ്ഥിരം പ്രവാസി തൊഴിലാളികളുടെ പുരുഷ-സ്ത്രീ കൂട്ടാളികളുടെ ജോലി സംബന്ധിച്ച നിയമങ്ങളിൽ മന്ത്രിമാരുടെ കൗൺസിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി. 8/22/2014 തീയതിയിലെ (585) നമ്പർ തീരുമാനത്തിലാണ് ഭേദഗതികൾ വരുത്തിക്കൊണ്ട് മന്ത്രിസഭ പുതിയ തീരുമാനം പുറത്തിറക്കിയത്.
ഈ പുതിയ ഭേദഗതി പ്രകാരം, പ്രവാസി തൊഴിലാളികളുടെ ആശ്രിതരായ പുരുഷൻമാരുടെയും സ്ത്രീകളുടെയും ജോലി നിയന്ത്രിക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രിക്ക് അധികാരമുണ്ടാകും. അതായത് സൌദിയിൽ തൊഴിൽ വിസയിൽ കഴിയുന്ന വിദേശിയായ സ്ത്രീയുടേയോ പുരുഷൻ്റെയോ ആശ്രിതരായി കഴിയുന്നവർക്ക് ഏതെല്ലാം ജോലികൾ ചെയ്യാമെന്നും അവർക്കുള്ള ലെവി എത്രയെന്നും ഇനിമുതൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രിക്ക് തീരുമാനിക്കാൻ കഴിയും.
അനുവദനീയമായ ജോലികൾക്ക് പുതിയ ചട്ടക്കൂട്
മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്:
- തൊഴിൽ വിപുലീകരണം: 7/27/1437 AH തീയതിയിലെ റോയൽ ഓർഡർ നമ്പർ (36568) ൽ നിഷ്കർഷിച്ചിട്ടുള്ള നിയന്ത്രണങ്ങൾക്കനുസൃതമായി, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, പ്രവാസികളുടെ ആശ്രിതർക്ക് അനുവദനീയമായ തൊഴിലുകളും ലെവിയും തീരുമാനിക്കന്നതും വിപുലീകരിക്കുന്നതും മന്ത്രിയുടെ പുതിയ അധികാരപരിധിയിൽ വരും.
- ലെവി: പ്രവാസികളുടെ ആശ്രിതരുടെ ജോലിക്കുള്ള ലെവി നിശ്ചയിക്കേണ്ടത് ധനകാര്യ മന്ത്രാലയവുമായും എണ്ണ ഇതര റവന്യൂ വികസന കേന്ദ്രവുമായും (Non-Oil Revenue Development Center) ഏകോപിപ്പിച്ചായിരിക്കും. തൊഴിൽ വിപണിയിൽ ജോലി ചെയ്യുന്ന ഓരോ കൂട്ടാളിയിൽ നിന്നും ശേഖരിക്കുന്ന ആകെ ലെവി തുക, സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുള്ള ലെവിക്ക് തുല്യമായിരിക്കുമെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
പ്രവാസി തൊഴിലാളികളുടെ സ്‌പോൺസർഷിപ്പിൽ രാജ്യത്ത് കഴിയുന്ന ആശ്രിതർക്ക് പുതിയ നിയമം ഏറെ ഗുണം ചെയ്യും. പ്രവാസികളുടെ ആശ്രിതരെ ജോലിയിലെടുക്കുന്ന കാര്യം നേരത്തെ പരിഗണനയിലുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് പകരമായാണ് തീരുമാനം. ഇതിനായുള്ള നടപടികളും ക്രമീകരണങ്ങളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾക്കനുസൃതമായിരിക്കും പുതിയ നിയമം നടപ്പാക്കുക.
ഭർത്താവ്, ഭാര്യ, ജോലി ചെയ്യുന്ന വനിതയുടെ പിതാവ് തുടങ്ങിയവർക്കായിരിക്കും ജോലി ചെയ്യാൻ അനുമതി. സൗദി വൽക്കരണ പദ്ധതിയുടെ വ്യവസ്ഥകളാക്കനുസരിച്ചായിരിക്കും അവസരം. നിലവിൽ അധ്യാപക മേഖലയിലടക്കം നിരവധി പ്രവാസികൾ ഫാമിലി വിസയിൽ അനധികൃതമായി ജോലി ചെയ്യുന്നുണ്ട്. പുതിയ നിയമം ഇത്തരക്കാർക്കും ഗുണം ചെയ്യും. അടുത്ത മാസം മുതലായിരിക്കും നിയമം നടപ്പിലാവുക.
ആശ്രിത വിസയിലുള്ള ജീവനക്കാരന്റെ കമ്പനികളായിരിക്കും ലെവി നൽകാൻ ബാധ്യസ്ഥരാവുക. പ്രവാസി സമൂഹത്തിന് വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള ഈ തീരുമാനം, രാജ്യത്തെ തൊഴിൽ വിപണിയിലെ നിയമപരമായ സാധ്യതകളെ പുതിയ തലത്തിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.


