കെ.ജെ. ഷൈനെതിരായ സൈബർ അധിക്ഷേപ കേസ്: കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: കെ.ജെ. ഷൈനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ.എം. ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വസതിയിലെത്തി എറണാകുളം റൂറൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ കെ.ജെ. ഷൈനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിൽ നേരത്തെ കെ.എം. ഷാജഹാനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ, അന്വേഷണത്തിൽ നിർണായകമായ ചില തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് സൂചന.

കേസിന്റെ അന്വേഷണ ഘട്ടത്തിൽ, ഷാജഹാൻ പങ്കുവെച്ചുവെന്ന് പറയുന്ന അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താനായി പോലീസ് മെറ്റയോട് വിവരങ്ങൾ തേടിയിരുന്നു. എന്നാൽ, മെറ്റ വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ചു. മെറ്റയിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്റർപോൾ മുഖേന ഇടപെടാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിന്റെ പ്രത്യേക അനുമതി തേടി. ഷാജഹാനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കും നീങ്ങിയേക്കും.

Share
error: Content is protected !!