സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ രണ്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


