ഭാര്യ കുഴഞ്ഞ് വീണതറിഞ്ഞ് ഭർത്താവിനും ദേഹാസ്വസ്ഥ്യം; മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും മരിച്ചു
കായംകുളം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു. ഓച്ചിറ മഠത്തിൽകാരാൺമ, മുനീറുൽ ഇഖ്‌വാൻ ജമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന ചക്കാലയിൽ വീട്ടിൽ കെ ജലാലുദീൻ കുഞ്ഞും, ഭാര്യ റഹിമാബീവിയുമാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരും മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് റഹിമാബീവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു അവരുട മരണം.
രാത്രി ഒൻപത് മണിയോടെയാണ് റഹിമാബീവി വീട്ടിൽ കുഴഞ്ഞുവീണത്. ഇതേ തുടർന്ന് ബന്ധുക്കൾ ഇവരെ ചങ്ങൻകുളങ്ങരയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. റഹിമാബീവിയെ കാർഡിയോളജിസ്റ്റിനെ കാണിക്കണമെന്നുള്ള വിവരം അറിഞ്ഞതോടെ വീട്ടിലായിരുന്ന ജലാലുദീൻകുഞ്ഞിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ ഇദ്ദേഹവും വീട്ടിൽ കുഴഞ്ഞുവീണു ഉടനെ തന്നെ ജലാലുദീൻ കുഞ്ഞിനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയിെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം രാത്രി 9.30 ന് ജലാലുദീൻകുഞ്ഞ് മരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന ഭാര്യ റഹിമാബീവി രാവിലെ 5 മണിക്കും മരണത്തിന് കീഴടങ്ങി. ഇരുവരുടെയും ഖബറടക്കം മുനീറുൽ ഇഖ്‌വാൻ ജമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി. മക്കൾ: സൈനുദ്ദീൻ ദുബൈ, ബുഷ്‌റ, നുസ്രത്ത്. മരുമക്കൾ: നസീറ, ഷാജി, ഷാജി.


