മുസ്ലീം ലീഗിൻ്റെ ചൂരല്‍മല പുനരധിവാസം: വീടുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാൻ നിര്‍ദേശം; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ലീഗ് നേതാക്കൾ
മേപ്പാടി: മുസ്ലിം ലീഗിന്റെ ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള വീടുകളുടെ നിർമാണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശം നൽകി. പ്ലോട്ട് വിഭജനം നടത്താൻ അനുമതി തേടാതെ നിർമാണം ആരംഭിച്ചതാണ് നിർദ്ദേശത്തിന് കാരണം. നേരത്തെ, ഇത് സംബന്ധിച്ച് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ സ്ഥലം സന്ദർശിച്ച ശേഷമാണ് നിർമാണം നിർത്തിവെക്കാൻ ലീഗ് നേതൃത്വത്തിന് നിർദ്ദേശം നൽകിയത്.
അതേ സമയം നിർമാണവുമായി ബന്ധപ്പെട്ട് നിയമ തടസ്സങ്ങളൊന്നുമില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലവിൽ 68 വീടുകൾ നിർമിക്കുന്നതിന് താൽക്കാലിക അനുമതിയാണ് നൽകിയിട്ടുള്ളത്. എന്നാൽ, പ്ലോട്ട് തിരിച്ച് ഏഴ് വീടുകളുടെ നിർമാണത്തിന് അനുമതി തേടിയതാണ് ചട്ടലംഘനമായി കണക്കാക്കിയത്. 68 പ്ലോട്ടുകൾക്ക് ഒരുമിച്ച് അനുമതി എടുക്കുകയാണെങ്കിൽ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കഴിയുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്
സെപ്റ്റംബർ ഒന്നിനാണ് നിർമാണ പ്രവർത്തി ഉദ്ഘാടനം നടന്നത്. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമപോരാട്ടങ്ങൾക്കൊടുവിലാണ് മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ നിർമാണം ആരംഭിച്ചത് . നിർമാണം ആരംഭിച്ച് 22 ദിവസത്തിന് ശേഷമാണ് ഇപ്പോൾ നിർത്തിവെക്കാൻ നിർദ്ദേശം വന്നിരിക്കുന്നത്.
ഇത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണെന്നാണ് മുസ്ലിം ലീഗിന്റെ പ്രതികരണം. . 68 വീടുകളുടെ നിർമാണം തുടങ്ങിയത് ചട്ടലംഘനമായി കണക്കാക്കുന്നു. ഓരോ വീടിനും സെപ്പറേറ്റ് ആയി അനുമതി തേടിയതാണ് ചട്ടലംഘനമായി കണക്കാക്കിയിരിക്കുന്നത്. നിയമപരമായി ഇതിനെ നേരിടുമെന്നും നിലവിലുള്ള നിയമ സാങ്കേതിക പ്രശ്നം മറികടന്ന് എല്ലാ പ്ലോട്ടുകൾക്കുമുള്ള അനുമതി ഉടൻ നേടുമെന്നും ലീഗ് നേതാക്കൾ അറിയിച്ചു .


