‘ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു’; വിമാനയാത്രക്കാരനും സുഹൃത്തുക്കളും കസ്റ്റഡിയിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ശൗചാലയം തിരയവെ അബദ്ധത്തില്‍ കോക്ക് പിറ്റിനടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് ഇയാളുടെ വാദം. ഇയാളെയും കൂടെ ഉണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തതായും ചോദ്യംചെയ്ത് വരുന്നതായും ഇന്ത്യ വക്താവ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10:30 ഓടെ വാരണാസിയില്‍ ലാന്‍ഡ് ചെയ്ത IX 1086 വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനം വാരണാസിയില്‍ ഇറങ്ങിയ ശേഷമാണ് യാത്രക്കാരന് കോക്പിറ്റിന് സമീപമെത്തിയതും അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാര്‍ ഉടന്‍തന്നെ ഇയാളെ തടഞ്ഞു.
.
‘വാരണാസിയിലേക്കുള്ള ഞങ്ങളുടെ ഒരു വിമാനത്തില്‍, ശൗചാലയം അന്വേഷിക്കുന്നതിനിടെ യാത്രക്കാരന് കോക്പിറ്റിന് സമീപമെത്തിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഞങ്ങളുടെ വിമാനങ്ങളില്‍ നിലവിലുള്ളത്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. നിലവില്‍ അന്വേഷണം നടന്നുവരികയാണ്.’ എയര്‍ ഇന്ത്യ വക്താവ് തിങ്കളാഴ്ച സ്ഥിരീകരിച്ചു.
കോക് പിറ്റില്‍ കടക്കാന്‍ ശ്രമിച്ചയാളുടെ കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തതില്‍ നിന്നും, ഇയാള്‍ ആദ്യമായാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്ന് എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. അറിവില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇയാളില്‍നിന്ന് വിമാനത്തിന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും സിഐഎസ്എഫ് ഈ വിഷയത്തില്‍ അന്വേഷണം തുടരുകയാണ്.
എല്ലാ വിമാനങ്ങളുടെയും കോക്ക്പിറ്റ് വാതിലുകള്‍ പാസ്വേര്ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇത് ക്യാപ്റ്റനും ജീവനക്കാര്‍ക്കും മാത്രം അറിയാവുന്നതാണ്. അകത്തേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന് ഇത്തരത്തിലുള്ള പാസ്വേര്ഡ് നല്കാന് ശ്രമിച്ചിട്ടില്ല. ഒരുപക്ഷേ, വാതിലിന് പാസ്വേര്ഡ് സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍, യാത്രക്കാരന് കോക്പിറ്റില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു എന്നും എയര്‍ ഇന്ത്യ വക്താവ് പറയുന്നു.


