പ്രവാസിമലയാളികൾക്ക് ഇനി സമ്പൂർണ്ണ ആരോഗ്യ സുരക്ഷ: നോർക്ക കെയർ ഇൻഷുറൻസ് രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും
തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് നോർക്ക റൂട്ട്സ് നൽകുന്ന പുതിയ സഹായപദ്ധതിയായ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിനായുള്ള രജിസ്ട്രേഷൻ ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബര്‍ 22 വരെ നീളുന്ന നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന് ഡ്രൈവിനും ഔദ്യോഗികമായി ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ (ദ ഗ്രേറ്റ് ഹാള്‍) വൈകീട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. ഇതിനുശേഷം പ്രവാസികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഈ പദ്ധതിയുടെ ഭാഗമായി, വിദേശത്തും ഇന്ത്യയിലുമുള്ള പ്രവാസികൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും, അപകടമരണം സംഭവിച്ചാൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസും ലഭിക്കും. ഇത് പ്രവാസി കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമാകും. ലോക കേരളസഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് നോര്‍ക്ക കെയര്‍.പ്രവാസി കേരളീയര്‍ക്ക് ഈ പദ്ധതി ഒരുക്കുന്നത്. നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്.കെ ഐ.ഡി കാര്‍ഡുള്ള പ്രവാസികള്‍ക്ക് അംഗമാകാം. നവംബർ ഒന്നുമുതൽ പദ്ധതിയുടെ പരിരക്ഷ ലഭ്യമാകും.
പ്രധാന വിവരങ്ങൾ:
- പ്രീമിയം തുക:
- രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന് (മാതാപിതാക്കൾ + 2 കുട്ടികൾ): ₹13,411
- ഒരു വ്യക്തിക്ക് മാത്രം: ₹8,101
- മൂന്നാമത്തെ കുട്ടിയെക്കൂടി ചേർക്കാൻ: അധികമായി ₹4,130
- ആനുകൂല്യങ്ങൾ:
- ചികിത്സാ സഹായം: ₹5 ലക്ഷം വരെ
- അപകടമരണം: ₹10 ലക്ഷം നഷ്ടപരിഹാരം
- ആർക്കൊക്കെ അപേക്ഷിക്കാം?
- 70 വയസ്സുവരെയുള്ള പ്രവാസിമലയാളികൾക്ക് ഈ പദ്ധതിയിൽ ചേരാം.
- നോർക്കയുടെ അപകട ഇൻഷുറൻസ് കം തിരിച്ചറിയൽ കാർഡ് (NRK കാർഡ്) ഉള്ളവർക്ക് മാത്രമാണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിന് അപേക്ഷിക്കാൻ സാധിക്കുന്നത്.
- നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്.കെ ഐ.ഡി കാര്‍ഡുള്ള പ്രവാസികള്‍ക്ക് അംഗമാകാം. കാർഡ് ഇല്ലാത്തവർക്ക് www.norkaroots.org എന്ന വെബ്സൈറ്റ് വഴി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പദ്ധതിയുടെ രജിസ്ട്രേഷനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള 16,000-ൽ അധികം ആശുപത്രികളിലും, കേരളത്തിലെ 500-ൽ അധികം ആശുപത്രികളിലും ഈ ഇൻഷുറൻസ് ഉപയോഗിച്ച് കാഷ് ലെസ് ചികിത്സ ലഭ്യമാകും.


