ഭാര്യയെ വെട്ടിക്കൊന്നശേഷം ഫേയ്സ്ബുക്ക് ലൈവ്; ഭാര്യക്ക് ആഡംബരജീവിതമെന്ന് പ്രതി

കൊല്ലം: പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനി ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. കൃത്യത്തിനുശേഷം കൊലപാതകവിവരം പ്രതി ഐസക്ക് ഫെയ്‌സ്ബുക്ക് ലൈവിൽ പങ്കുവെയ്ക്കുകയായിരുന്നു. ശാലിനിയുടെ വീട്ടില്‍ എത്തിയ ഐസക്ക്, കഴുത്തില്‍ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ശാലിനിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ശാലിനിയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
.
അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴും ഐസക്ക് സംഭവസ്ഥലത്തുതന്നെയുണ്ടായിരുന്നു. തുടര്‍ന്ന് അവിടെനിന്ന് രക്ഷപ്പെട്ട ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ ഭാര്യയെ കൊന്നതായി തുറന്നുപറയുകയായിരുന്നു. ആഡംബര ജീവിതം നയിക്കുന്നുവെന്നും താനറിയാത്ത ബന്ധങ്ങൾ ശാലിനിക്കുണ്ടെന്നുമാണ് കൊലപാതകത്തിന് കാരണമായി ഇയാൾ ലൈവിൽ പറയുന്നത്. രണ്ടര മിനിറ്റോളം നീണ്ട ലൈവ് പുറത്തുവിട്ടശേഷം രാവിലെ ഒന്‍പതു മണിയോടെ കൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഐസക് കീഴടങ്ങി.
.
കുടുംബ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും കുറെക്കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ശാലിനി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. അവിടെനിന്ന് ജോലിക്ക് പോയിരുന്നു. ശാലിനി ജോലിക്ക് പോകുന്നതില്‍ ഐസക്കിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, ജോലി ഒഴിവാക്കാന്‍ ശാലിനി തയ്യാറായില്ല. ഇതടക്കമുള്ള കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ ആസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു.

രണ്ട് ആണ്‍മക്കളാണ് ദമ്പതിമാർക്കുള്ളത്. ഒരു കുട്ടി അര്‍ബുദ രോഗിയാണ്. ഈ മകന്റെ കാര്യങ്ങളൊന്നും ശാലിനി ശ്രദ്ധിക്കുന്നില്ലെന്നും ഐസക് വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഭാര്യ നിര്‍മിച്ച വീട്ടില്‍നിന്ന് ഇയാളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞതും പ്രകോപനത്തിന് കാരണമായതായാണ് സൂചന.
.

Share
error: Content is protected !!