സൗദിയിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; സ്വദേശി പൗരൻ അറസ്റ്റിൽ
ദാമാം: സൗദി അറേബ്യയിലെ ദമാമിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. ഒരു സൗദി പൗരനുമായുള്ള വാക്കുതർക്കത്തെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശിയായ അഖിലിനെ ദമാമിലെ ബാദിയയിൽ സ്റ്റെയർകെയ്സിൽ നിന്ന് വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വഴക്കിനിടെയുണ്ടായ ഉന്തും തള്ളലിൽ അഖിൽ വീണു മരിച്ചെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സൗദി പൗരനെ പോലീസ് അതിവേഗം കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുള്ള വഴക്കിന് ദൃക്സാക്ഷിയായ ഒരു സുഡാനി പൗരനാണ് പോലീസിനെ വിവരമറിയിച്ചത്.
കഴിഞ്ഞ ഏഴ് വർഷമായി ഖത്തീഫിൽ എസി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അഖിൽ. അതേസമയം, ഖത്തീഫിൽ ഉള്ള അഖിൽ ദമാം ബാദിയയിലെ സംഭവ സ്ഥലത്ത് എത്തിയതിന്റെ കാരണം ഇനിയും വ്യക്തമല്ല. സഹപ്രവർത്തകർക്കും ഇതിനെക്കുറിച്ച് വിവരമില്ല.
അശോകകുമാർ, സുന്ദരേശൻ നായർ, സിന്ധു തങ്കമ്മ എന്നിവരാണ് അഖിലിന്റെ മാതാപിതാക്കൾ. കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് സന്ദർശക വീസയിലെത്തിയ ഭാര്യയും അച്ഛനും അമ്മയും നാട്ടിലേക്ക് മടങ്ങിയത്. രണ്ടു വർഷം മുൻപാണ് അഖിൽ വിവാഹിതനായത്. അഖിലിന്റെ റിയാദിലുള്ള സഹോദരൻ ആദർശും ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
അഖിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ പുരോഗമിക്കുകയാണ്. ലോക കേരളസഭാംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്താണ് ഇതിനു നേതൃത്വം നൽകുന്നത്. മൃതദേഹം നാട്ടിലെത്തിച്ചതിനു ശേഷം സംസ്കാരം നടക്കും.


