സുജിതയുടെ പേരിൽ ഒന്നിലേറെ അക്കൗണ്ടുകൾ, നടത്തിയത് ലക്ഷങ്ങളുടെ ഇടപാട്, കമ്മിഷനും കൈപ്പറ്റി; തട്ടിപ്പ് സംഘത്തിൽ ഒട്ടേറെ മലയാളികൾ
കൊച്ചി: നഗരത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്നു വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ 25 കോടി രൂപ തട്ടിയെടുത്ത കേസില് അറസ്റ്റിലായ സുജിതയ്ക്ക് പുറമെ സംഘത്തിൽ ഒട്ടേറെ മലയാളികളുണ്ടെന്നു പൊലീസ്. പണം നഷ്ടപ്പെട്ടെന്ന വ്യവസായിയുടെ പരാതി ലഭിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ കൊല്ലം സ്വദേശിയായ സുജിതയുടെ അക്കൗണ്ടിലേക്കും പണം പോയിട്ടുണ്ടെന്ന് പൊലീസ് മനസ്സിലാക്കിയിരുന്നു. തുടർന്ന് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ‘മ്യൂൾ അക്കൗണ്ട്’ മാത്രമല്ല സുജിതയുടേത് എന്നു മനസ്സിലാക്കിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. മലയാളികളാണ് ഇവരെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ച് സംഘത്തിൽ ചേർത്തത് എന്നാണ് സൈബർ പൊലീസ് പറയുന്നത്.
.
സ്വന്തം ബാങ്ക് അക്കൗണ്ട് മറ്റുള്ളവർക്കു വാടകയ്ക്കോ പ്രതിഫലമോ കമ്മിഷനോ വാങ്ങിയോ ഉപയോഗിക്കാൻ നൽകുന്നതിനെയാണ് മ്യൂൾ അക്കൗണ്ട് എന്നു വിളിക്കുന്നത്. ഈ ഇടപാടാണ് സുജിതയുടെ കാര്യത്തിൽ എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തനിക്കു വീട്ടുജോലിയാണെന്ന് സുജിത പറയുന്നുണ്ടെങ്കിലും കാര്യമായ ജോലിയൊന്നും ഇവർക്കില്ല എന്ന് അന്വേഷണ സംഘത്തിനു ബോധ്യമായി. ചെറിയ പ്രതിഫലം വാങ്ങി ബാങ്ക് അക്കൗണ്ട് ആർക്കെങ്കിലും നൽകിയതാകാം എന്നായിരുന്നു പൊലീസിന്റെ ധാരണ. എന്നാൽ ഒന്നിലേറെ അക്കൗണ്ടുകൾ സുജിതയുടെ പേരിലുണ്ടെന്ന് പിന്നീട് കണ്ടെത്തി. ഇതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ നടന്നതായും അന്വേഷണ സംഘത്തിനു മനസ്സിലായി.
.
പണം സ്വന്തം അക്കൗണ്ടിലേക്കു വന്നതിനു ശേഷം മറ്റ് അക്കൗണ്ടുകളിലേക്ക് സുജിത അയച്ചു നൽകിയിട്ടുണ്ട്. കമ്മിഷൻ ഇനത്തിൽ സുജിതയ്ക്ക് പണം ലഭിക്കുന്നുണ്ടെന്നും പൊലീസിനു മനസ്സിലായി. ഇതോടെയാണ് സുജിതയെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട സുജിതയെ കസ്റ്റഡിയില് വിട്ടുകിട്ടാൻ രണ്ടു ദിവസത്തിനുള്ളിൽ അപേക്ഷ നൽകുമെന്നും പൊലീസ് പറഞ്ഞു.
സീഷെയ്ൽസ് കേന്ദ്ര ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ പേരിൽ സൈപ്രസിൽ പ്രവർത്തിക്കുന്ന തട്ടിപ്പു സംഘം തന്നയാണ് 25 കോടി തട്ടിയെടുത്തതിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. തട്ടിപ്പിനായുള്ള കോൾസെന്ററുകൾ മാത്രമാണ് ഇവിടെയുള്ളത് എന്നും സൂത്രധാരന്മാർ മറ്റു രാജ്യങ്ങളിലാകാം എന്നും പൊലീസ് കരുതുന്നു. മലയാളികളുടെ വലിയ ശൃംഖല തന്നെ വ്യാജ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിനു പിന്നിലുള്ള ഈ സംഘത്തിലുണ്ട് എന്നാണ് പൊലീസ് കരുതുന്നത്.
.
കൊച്ചി സ്വദേശിയെ വിളിച്ചു സംസാരിച്ചിരുന്നതും ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാൻ നിർബന്ധിച്ചതും ഡാനിയൽ എന്നു പേരുള്ള മലയാളിയായിരുന്നു. സുജിതയെപ്പോലെ ഈ സംഘത്തിന്റെ ഭാഗമായി മാറിയ വേറെ ആളുകൾ ഉണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 25 കോടി രൂപയിൽ 16 കോടി രൂപയും എത്തിയത് ഹൈദരാബാദിലെ ഒരു അക്കൗണ്ടിലായിരുന്നു. ഈ അക്കൗണ്ട് ഉടമ സമാനമായൊരു തട്ടിപ്പു കേസിൽ ജയിലിലാണ്. സൈബർ പൊലീസ് വൈകാതെ ഹൈദരാബാദിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശിയിൽ നിന്നു സമാന വിധത്തിൽ 1.08 കോടി രൂപ തട്ടിയെടുത്ത കേസിൽ പൊലീസ് കഴിഞ്ഞ ദിവസം 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് ഇവരുടേതും മ്യൂൾ അക്കൗണ്ടിനു സമാനമാണെന്ന് പൊലീസിന് മനസ്സിലായത്. അക്കൗണ്ടിലേക്ക് എത്തുന്ന പണം വിദേശങ്ങളിലേക്ക് അടക്കം അയച്ചു കൊടുക്കുകയായിരുന്നു ഇവരുടെ ജോലി.


