സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി മാല മോഷ്ടിച്ച് മുങ്ങി; യുവതിയെ കുടുക്കി സിസിടിവി ദൃശ്യം
മാഹി: ജ്വല്ലറിയിൽ സ്വർണം വാങ്ങാൻ എന്ന വ്യാജേനയെത്തിയ യുവതി മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മാഹിയിലെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ നിന്നാണ് 3 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിക്കപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അഴിയൂർ ഹാജിയാർ പള്ളിക്കു സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. ആയിഷയെ (41) മാഹി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 12നാണ് യുവതി കടയിലെത്തി സ്വർണം മോഷ്ടിച്ചത്. ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ ഇവർ മാല മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ വീട്ടിൽ നിന്ന് ആയിഷയെ പിടികൂടിയത്. മോഷ്ടിച്ച മാല മാഹിയിലെ കുഞ്ഞിപ്പള്ളി ജ്വല്ലറിയിൽ വിറ്റതായി യുവതി മൊഴി നൽകി. പിന്നീട് ആ ജ്വല്ലറിയിൽ നിന്ന് പോലീസ് മാല കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
.
.


