കാണാതായ പെൺകുട്ടിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽകെട്ടിയ നിലയിൽ; അധ്യാപകൻ അറസ്റ്റിൽ
കൊൽക്കത്ത: മൂന്ന് ആഴ്ച മുമ്പ് കാണാതായ സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ സ്കൂളിലെ അധ്യാപകനായ മനോജ് കുമാർ പാലിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഓഗസ്റ്റ് 28നാണ് 13കാരിയായ പെൺകുട്ടിയെ കാണാതായത്. സ്കൂളിലേക്കു പോയ കുട്ടി തിരിച്ചുവന്നിരുന്നില്ല. വ്യാപക തിരച്ചിൽ നടത്തിയിട്ടും വിവരമൊന്നും ലഭിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി കാലിദംഗ ഗ്രാമത്തിലെ ഒഴിഞ്ഞ വെള്ളക്കെട്ടിൽ നിന്ന് അഴുകിയ നിലയിൽ ഒരു ചാക്കിൽ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം.
കുട്ടിയെ അധ്യാപകൻ മോശമായി സ്പർശിക്കാറുണ്ടെന്നു കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കാര്യം കുട്ടി നേരത്തേ വീട്ടുകാരെയും അറിയിച്ചിരുന്നു. പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ സമ്മതിച്ചു. വിശദമായ അന്വേഷണത്തിനായി മൃതദേഹം ഫൊറൻസിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
അധ്യാപകൻ പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പേര് വെളിപ്പെടുത്താത്ത ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അധ്യാപകൻ തന്നോട് മോശമായി പെരുമാറുന്നുണ്ടെന്ന് പെൺകുട്ടി മുമ്പ് അമ്മയോട് പറഞ്ഞിരുന്നു. കാണാതായതിനെ തുടർന്ന് അമ്മ പോലീസിൽ വിവരം അറിയിച്ചു. “ഇയാളുടെ പങ്ക് സംശയിച്ച് ഞങ്ങൾ അധ്യാപകനെ അറസ്റ്റ് ചെയ്തു, ദീർഘനേരം ചോദ്യം ചെയ്തതിന് ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി അയാൾ സമ്മതിച്ചു,” അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 28 ന് ട്യൂഷൻ ക്ലാസുകളിൽ പങ്കെടുക്കാൻ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നതായും എന്നാൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പരാതി നൽകിയതായും അധ്യാപകനായ മനോജ് കുമാർ പാൽ ആണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പിന്നീട് മനസ്സിലായതായും കുടുംബ വൃത്തങ്ങൾ പറഞ്ഞു.
പ്രതിക്കെതിരെ ഇതുവരെ ബലാത്സംഗത്തിന് കേസെടുത്തിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് അമൻദീദ് പറഞ്ഞു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനനത്തിലായിരിക്കും തുടർ നടപടികൾ.


